കോഴിക്കോട്: നാലുവര്‍ഷത്തിനിടെ സി.പി.എം. നാടൊട്ടുക്കു നടന്നു പിരിച്ചെടുത്തത് കോടികള്‍. പാര്‍ട്ടി ചോദിക്കുമ്പോഴൊക്കെ പൊതുജനം വാരിക്കോരി കൊടുക്കുന്നതോടെ ഫണ്ട് സമാഹരണം സര്‍വ റെക്കോര്‍ഡുകളും കടന്നിരിക്കുകയാണ്.
സി.പി.എം. പിരിച്ചെടുത്ത പണത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ലെങ്കിലും കൂട്ടിയാലും കുറച്ചാലും കിട്ടുന്നത് കോടികളുടെ കണക്കുകള്‍ മാത്രമാണ്.
പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പണപ്പിരിവിനെതിരേ മറുവിഭാഗത്തിന്റെ എതിര്‍പ്പു ശക്‌തമായിട്ടും പിരിവു മാമാങ്കം മുന്നേറുന്നത് പാര്‍ട്ടിക്കുള്ളില്‍ പുതിയ പ്രശ്‌നങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഇ.കെ.നായനാര്‍ക്ക് ജന്മനാടായ കണ്ണൂരില്‍ സ്‌മാരകം നിര്‍മ്മിക്കുന്നതിനുളള ഹുണ്ടിക പിരിവ് രണ്ടു ദിവസമായി സി.പി.എം. നടത്തിയപ്പോള്‍ പിരിഞ്ഞു കിട്ടിയത് 6,36,76,437 രൂപയായിരുന്നു.
ഈ പണം ഉപയോഗിച്ചാണ് കണ്ണൂര്‍ പയ്യാമ്പലത്തിനടുത്തു തിരുവേപ്പതി മില്ലിന്റെ ഉടമസ്‌ഥതയിലുളള സ്‌ഥലം വിലയ്‌ക്കുവാങ്ങിയത്. രാജ്യവ്യാപകമായി സി.പി.എം. നിയന്ത്രണത്തില്‍ പലസ്‌തീന്‍ ഫണ്ട് പിരിവു നടത്തിയപ്പോള്‍ കേരളത്തില്‍ നിന്നും സി.പി.എം. സംസ്‌ഥാന നേതൃത്വം 87.5 ലക്ഷം രൂപ പിരിച്ചെടുത്തു. ആന്ധ്രയിലെ കര്‍ഷക സമരത്തെ തുടര്‍ന്നു കര്‍ഷകരെ സഹായിക്കാനായുളള സഹായ നിധിയിലേക്കും സംസ്‌ഥാനത്തു നിന്നും സി.പി.എം. 77 ലക്ഷം പിരിച്ചുനല്‍കി.
പാര്‍ട്ടിക്കു വേണ്ടി രക്‌തസാക്ഷിയായവരുടെ കുടുംബത്തെ സഹായിക്കാനും അവശതയനുഭവിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പെന്‍ഷന്‍ നല്‍കാനുമായി പാര്‍ട്ടി നടത്തിയ ഫണ്ടു സമാഹാരത്തില്‍ 7,93,13,880 രൂപയാണു പിരിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ തുക അര്‍ഹര്‍ക്കു വിതരണം ചെയ്‌തുതുടങ്ങിയിട്ടുണ്ട്.
ഓരോ വര്‍ഷവും നടക്കുന്ന പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിലൂടെ 20 കോടിയോളം രൂപയാണ് പാര്‍ട്ടി അക്കൗണ്ടിലേക്ക് എത്തുന്നുവെന്നാണു കണക്കാക്കുന്നത്. ഓരോ ബ്രാഞ്ച് കമ്മിറ്റികയും ശരാശരി 5000 രൂപ വീതം നല്‍കുന്നതാണ് ഈ തുക.
എന്നാല്‍ ചില ബ്രാഞ്ച് കമ്മിറ്റികളും മേല്‍ക്കമ്മറ്റികളും പിരിച്ചെടുത്തു നല്‍കുന്നത് ഇതിന്റെ എത്രയോ ഇരട്ടിയാണെന്നതാണു വസ്‌തുത. മൂന്നര ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങളില്‍ നിന്നും ഒരു വര്‍ഷം ഇത്രയും തുക ലവിയിനത്തില്‍ പാര്‍ട്ടിക്കു ലഭിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 3000 രൂപ മാസവരുമാനമുളള ഒരു പാര്‍ട്ടി അംഗം 294 രൂപയാണ് ഒരു വര്‍ഷം പാര്‍ട്ടി ലെവിയായി നല്‍കേണ്ടത്.കര്‍ഷകതൊഴിലാളികളോ വിദ്യാര്‍ത്ഥികളോ ഒഴിച്ചാല്‍ പാര്‍ട്ടി അംഗങ്ങളില്‍ ഏറെയും ഇടത്തരക്കാരും നല്ല വരുമാനമുളള ജോലിയുളളവരുമാണ്. ഇതുകൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പിണറായി വിജയന്‍ നടത്തിയ നവകേരളയാത്രയിലും കോടികള്‍ പിരിഞ്ഞുകിട്ടി. ഓരോ ബ്രാഞ്ച് കമ്മിറ്റികയും നോട്ടുമാലയിട്ടായിരുന്നു ജാഥാ ലീഡറെ സ്വീകരിച്ചിരുന്നത്.
ഈയിനത്തില്‍ എത്ര തുക ലഭിച്ചുവെന്നു വ്യക്‌തമല്ലെങ്കിലും 15 കോടിക്കു മുകളില്‍ പിരിഞ്ഞുകിട്ടിയെന്നാണു കണക്കാക്കുന്നത്.
നവകേരളയാത്രയ്‌ക്കു ശേഷം മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാറുടെ സ്‌മരണയ്‌ക്കായി കണ്ണൂരില്‍ തുടങ്ങുന്ന അക്കാദമിക്കു വേണ്ടി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള അവസാന വട്ട പിരിവിലാണ് പാര്‍ട്ടിയിപ്പോള്‍. നായനാര്‍ അക്കാദമിയുടെ പേരില്‍ 25 കോടിയാണു പാര്‍ട്ടി ലക്ഷ്യമിട്ടതെങ്കിലും അതിലുമിരട്ടി തുകയുടെ വാഗ്‌ദാനം ലഭിച്ചുവെന്നാണ് അറിയുന്നത്.
ഇതുകൂടാതെ പ്രാദേശികമായും ജില്ലാ-ഏരിയാ അടിസ്‌ഥാനത്തിലും പണപ്പിരിവ് തുടര്‍ക്കഥയാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ലക്ഷങ്ങള്‍ മുടക്കി പാര്‍ട്ടിയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് നവീകരിച്ചത്. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസും നവീകരണ പാതയിലാണ്. ഇതിനായി പിരിവെടുക്കുന്നതും ലക്ഷങ്ങളാണ്.
Reported by Mangalam Daily
|
No comments:
Post a Comment