Thursday, August 5, 2010

രാഷ്ട്രീയക്കാർ മതകാര്യങ്ങളിൽ ഇടപെടരുത്‌

പ്രഫ. ഡോ. കുര്യാസ്‌ കുമ്പളക്കുഴി

മതാധ്യക്ഷന്മാർ രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ല എന്നു നിലവിളിക്കുന്നവർ ഒരു കാര്യം മറന്നുപോകുന്നു. രാഷ്ട്രീയക്കാർ മതകാര്യങ്ങളിൽ ഇടപെടാൻ പാടുണേ്ടാ? മതനേതാക്കൾ രാഷ്ട്രീയം സംസാരിക്കാൻ പാടില്ല എന്നു വിലക്കുന്ന രാഷ്ട്രീയനേതാക്കൾ മതങ്ങളെയും മതവിശ്വാസികളെയും അവരുടെ വഴിക്കു പോകാൻ അനുവദിക്കുകയല്ലേ വേണ്ടത്‌? അതിനു പകരം മെത്രാന്മാർ എങ്ങനെ ഇടയലേഖനമെഴുതണം, വൈദികർ ദേവാലയത്തിൽ എന്തു പ്രസംഗിക്കണം എന്നൊക്കെ രാഷ്ട്രീയക്കാർ മാർഗനിർദേശം നൽകാൻ ഇറങ്ങിത്തിരിക്കുന്നതു ശുദ്ധ അവിവേകമാണ്‌.

കെസിബിസിയുടെ ജൂലൈ 18-ലെ ഇടയലേഖനമാണു പുതിയ വിവാദവിഷയം. അതിനകത്തു രാഷ്ട്രീയമുണ്ടത്രേ. ഭരണഘടനാവിരുദ്ധതയും പൗരാവകാശ നിഷേധവുമുണ്ടത്രേ. ഒരുപടികൂടി കടന്ന്‌ അതിൽ വർഗീയത ആരോപിക്കാനും ചിലർ സാഹസപ്പെടുന്നുണ്ട്‌.

വിശ്വാസികളുടെ അറിവിലേക്കു ലേഖനങ്ങൾ എഴുതുന്ന രീതിക്കു രണ്ടായിരത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ട്‌. അപ്പോസ്തലന്മാരെ മാതൃകയാക്കി മതാധ്യക്ഷന്മാർ ഇന്നും അതു തുടർന്നുപോരുന്നു. അങ്ങനെ ചെയ്യാൻ പാടില്ല എന്നു പറയാൻ ആർക്കാണവകാശം?

ക്രൈസ്തവസഭയും സഭാധ്യക്ഷന്മാരും എവിടെയുണേ്ടാ അവിടെയൊക്കെ ഇടയലേഖനങ്ങളും ഉണ്ടാകും. അതു വിശ്വാസികളും അജപാലകരും തമ്മിലുള്ള ആശയവിനിമയത്തിന്റെ വിശിഷ്ട മാധ്യമമാണ്‌. അതു പൂർണമായും സഭയുടെ ആഭ്യന്തരകാര്യവുമാണ്‌.

ഇടയലേഖനങ്ങൾ വായിക്കുന്നതു ദേവാലയങ്ങളിലാണ്‌. അവിടെ എത്തിച്ചേരുന്ന വിശ്വാസികളുടെ അറിവിലേക്കാണതു വായിക്കുന്നത്‌. തികച്ചും ആധ്യാത്മികമായ ദേവാലയ കൂട്ടായ്മയിൽ പങ്കുചേരുന്നവർ മാത്രമേ അതു കേൾക്കുന്നുള്ളൂ. ഇടയലേഖനങ്ങളും പൊതുസമൂഹവുമായി ബന്ധമില്ല. പൊതുനിരത്തുകളിലുള്ളവർക്കുവേണ്ടി ഉച്ചഭാഷിണികളിലൂടെ അതു വായിച്ചു കേൾപ്പിക്കാറില്ല. ദേവാലയത്തിലെത്താത്തവരെ അതു ബാധിക്കുന്നുമില്ല.

ഓരോ മതത്തിന്റെയും പ്രാണവായുവായി നിലകൊള്ളുന്നതു രണ്ടു ഘടകങ്ങളാണ്‌. ഈശ്വരവിശ്വാസവും മതാനുഷ്ഠാനങ്ങളും. ഇതു രണ്ടും അംഗീകരിക്കാത്തവർ മതാനുയായികളല്ല. അതു നിഷേധിക്കുന്നവർ മതവിരോധികളുമാണ്‌.

മതവിരോധികളെ സൂക്ഷിക്കണമെന്നും അവരുടെ ചെയ്തികളെപ്പറ്റി കരുതൽ വേണമെന്നും മൂന്നാര്റിയിപ്പു നൽകേണ്ട ബാധ്യത അജപാലകർക്കുണ്ട്‌. അതു നിർവഹിക്കുന്നില്ലെങ്കിൽ മതാധ്യക്ഷന്മാർ സ്വന്തം കടമ നിർവഹിക്കുന്നില്ല എന്നു പറയേണ്ടിവരും.

ഈ കടമയുടെ നിർവഹണം മാത്രമേ ജൂലൈ 18-ലെ ഇടയലേഖനത്തിലുള്ളൂ. രാഷ്ട്രീയം ഇന്നു നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഒരു വ്യാപാരമാണ്‌. അതിൽ ഫലപ്രദമായി ഇടപെടാൻ ഓരോ പൗരനും ചുമതലയുണ്ട്‌. ആ ചുമതല നിർവഹിക്കുന്നതിൽ അലംഭാവം പാടില്ലെന്ന്‌ ഇടയലേഖനം ഓർമിപ്പിക്കുന്നു. ആ അർഥത്തിൽ അതിൽ രാഷ്ട്രീയമുണ്ട്‌. വർത്തമാനകാല സാഹചര്യത്തിൽ, പ്രത്യേകിച്ചു തൃത്താല പഞ്ചായത്തുകൾക്കു ജനസേവന ചുമതലകൾ ഏറിയിരിക്കുമ്പോൾ, ഈ ഓർമപ്പെടുത്തൽ അനിവാര്യമാണ്‌.

അതിനപ്പുറത്ത്‌ ഏതെങ്കിലും രാഷ്ട്രീയപാർട്ടിക്കു വോട്ടു ചെയ്യണമെന്നോ ചെയ്യരുതെന്നോ അതിൽ പറയുന്നില്ല. പക്ഷേ, രണ്ടുകാര്യങ്ങളെപ്പറ്റി വ്യക്തമായ മൂന്നാര്റിയിപ്പു നൽകുന്നുണ്ട്‌. അതിങ്ങനെ: കേവല കക്ഷിരാഷ്ട്രീയത്തിനുപരി, ദൈവവിശ്വാസത്തിനും അനുഷ്ഠാനത്തിനും ജനാധിപത്യ-സനാതന മൂല്യങ്ങൾക്കും മതസൗഹാർദത്തിനുമെതിരായ പ്രത്യയശാസ്ത്ര നിലപാടുള്ളവരുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥികളാകുന്നതും അത്തരം സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതും അപകടകരമായിരിക്കും. ഇതിൽ പ്രത്യേകിച്ചൊരു രാഷ്ട്രീയപാർട്ടിയുടെയും പേരെടുത്തു പറയുന്നില്ല. സ്വതന്ത്ര സ്ഥാനാർഥികൾ ഇടതിനും വലതിനും ഉണ്ടാകാറുണ്ട്‌. പക്ഷേ, അതു തങ്ങളെ ഉദ്ദേശിച്ചാണ്‌ എന്ന്‌ ഏതെങ്കിലും പാർട്ടി ശാഠ്യംപിടിച്ചാൽ, കോഴികട്ടവന്റെ തലയിൽ പപ്പിരിക്കും എന്നു കേൾക്കുമ്പോൾ തലയിൽ തപ്പുന്ന കോഴിക്കള്ളന്റെ പരിഭവം മാത്രമായിരിക്കും.

1957-ലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ അഞ്ചു സ്വതന്ത്രന്മാരും ജയിച്ചിരുന്നു. വി.ആർ. കൃഷ്ണയ്യർ (തലശേരി), കെ.വി. ജോൺ (കുഴൽമന്ദം), ഡോ. എ.ആർ. മേനോൻ (തൃശൂർ), പി.കെ. കോരു (ഗുരുവായൂർ), വി. രാമകൃഷ്ണപിള്ള (ഹരിപ്പാട്‌) എന്നിവർ. നിയമസഭ ചേരുന്നതിനു മുമ്പുതന്നെ ഇവർ അഞ്ചുപേരും പാർട്ടിയംഗങ്ങളായി ചേർന്നു. ഇതു വാസ്തവത്തിൽ ജനങ്ങളെ കബളിപ്പിക്കലായിരുന്നില്ലേ? കമ്യൂണിസ്റ്റു പാർട്ടിക്ക്‌ വോട്ടുചെയ്യാൻ ഇഷ്ടപ്പെടാത്ത എത്രയോപേർ ഇവർക്ക്‌ വോട്ടുചെയ്തിട്ടുണ്ടാവും. അപ്പോൾ ആ എംഎൽഎമാർ ചെയ്തതു വിശ്വാസവഞ്ചനയാണ്‌. വിമോചനസമരത്തിന്റെ ആദ്യഘട്ടത്തിൽ തങ്ങളുടെയുംകൂടി വോട്ടു നേടി വിജയിച്ച വി.ആർ. കൃഷ്ണയ്യർ നിയമസഭാംഗത്വം രാജിവയ്ക്കണമെന്നു മുസ്ലിം ലീഗ്‌ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലവും ഇതുതന്നെയാണ്‌.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ ജനാധിപത്യസംവിധാനത്തിലെ ഈ പുഴുക്കുത്തുണ്ടാക്കാറുള്ള വിപത്തുകൾ ചില്ലറയല്ല. നിരീശ്വരകക്ഷികൾക്ക്‌ അധികാരം പിടിക്കാൻ ഇതൊരു കുറുക്കുവഴിയായി തീരാറുണ്ട്‌. സ്വതന്ത്രന്മാരുടെ കാലുമാറ്റങ്ങൾ പലപ്പോഴും പലവിധത്തിലുള്ള പ്രാദേശിക പ്രശ്നങ്ങൾക്കും കാരണമാകാറുമുണ്ട്‌. ഇതിനെതിരേ കരുതലെടുക്കണം എന്ന്‌ ഉത്തരവാദിത്വപൂർവം സമ്മതിദായകരെ ഓർമിപ്പിക്കുന്നതു ജനാധിപത്യപ്രക്രിയയ്ക്കു കരുത്തുപകരുക എന്ന സദുദ്ദേശ്യത്തോടെ മാത്രമാണെന്നു മനസിലാക്കാൻ എന്തേ പലർക്കും കഴിയാതെപോകുന്നു?

കേരളചരിത്രത്തിൽ ആദ്യമായി ഇടയലേഖനത്തിനെതിരേ വാളെടുത്തത്‌, തിരുവിതാംകൂറിന്റെ ഏകാധിപതിയാകാൻ കൊതിച്ച ദിവാൻ സർ സി.പി. രാമസ്വാമി അയ്യരായിരുന്നു. 1945 ഓഗസ്റ്റ്‌ 15-ന്‌, ചങ്ങനാശേരി രൂപതാധ്യക്ഷൻ മാർ ജയിംസ്‌ കാളാശേരി, സി.പിയുടെ സ്വകാര്യസ്കൂൾ ദേശസാത്കരണ നീക്കത്തിനെതിരേ പുറപ്പെടുവിച്ച ഇടയലേഖനമാണ്‌ ഇതിനു നിമിത്തമായിത്തീർന്നത്‌. ലേഖനത്തിന്റെ ആമുഖമായി പിതാവ്‌ ഉദ്ധരിച്ചിരുന്ന ബൈബിൾ വാക്യങ്ങളും അദ്ദേഹത്തിന്റെ ചില ആലങ്കാരിക പ്രയോഗങ്ങളും ഇംഗ്ലീഷിലേക്കു മൊഴിമാറ്റിക്കിട്ടിയപ്പോൾ ഉണ്ടായ തെറ്റിദ്ധാരണയാണു സി.പിയെ വഴിതെറ്റിച്ചതെന്നു കരുതേണ്ടിയിരിക്കുന്നു.

ലൂക്കായുടെ സുവിശേഷത്തിൽനിന്നുള്ള ആ വാക്യങ്ങൾ ശ്രദ്ധിക്കുക: അവൻ അവരോട്‌ അരുൾചെയ്തു: ഇപ്പോൾ മുതൽ മടിശീലയുള്ളവൻ അതെടുക്കട്ടെ. വാളില്ലാത്തവൻ തന്റെ കുപ്പായം വിറ്റു വാൾ വാങ്ങട്ടെ. അവർ പറഞ്ഞു: കർത്താവേ, ഇതാ ഇവിടെ രണ്ടു വാളുണ്ട്‌. അവൻ പറഞ്ഞു: മതി. ലേഖനം തുടരുന്നു: ക്രിസ്തുവിന്റെ ഒരു വിനീത അപ്പസ്തോലനായ നാം നമ്മുടെ കൈവശം സൂക്ഷിച്ചുവച്ചിരുന്ന രണ്ടു വാളുകളിൽ ഒന്നിനെ, നിരീശ്വര പ്രസ്ഥാനത്തിനെതിരായി ന

മ്മുടെ മുൻ ലേഖനത്തിൽ ഊരിവീശിക്കഴിഞ്ഞു. ഇനി നമുക്കുശേഷിച്ചിരിക്കുന്ന രണ്ടാമത്തെ ആധ്യാത്മിക ഖഡ്ഗത്തെ, ആധ്യാത്മിക അണുബോംബിനെ, പ്രയോഗിക്കേണ്ടതായ ആവശ്യം ഇതാ കൈവന്നിരിക്കുന്നു. മടിശീലയുള്ളവർ അതെടുത്തുകൊള്ളുന്നതിനുള്ള അവസര വും സമീപിച്ചിരിക്കുന്നു. എങ്കിലും നാം ഉടനെ ആ വാൾ ഊരുന്നില്ല. ആധ്യാത്മിക അണുബോംബ്‌ തത്ക്ഷണം പൊട്ടിക്കുന്നുമില്ല.

മടിശീലയെടുക്കുക, കുപ്പായം വിറ്റു വാൾ വാങ്ങുക, ഊരി വീശുക, കൈവശം സൂക്ഷിച്ചിരുന്ന രണ്ടു വാളുകൾ, അണുബോംബ്‌, ബോംബ്‌ ഇപ്പോൾ പൊട്ടിക്കുന്നില്ല എന്നൊക്കെയുള്ള ഇടയലേഖനത്തിലെ പ്രതീകാത്മകവും ആലങ്കാരികവുമായ പ്രയോഗങ്ങൾ സർക്കാർഭാഷയിൽ തർജമചെയ്തു കിട്ടിയപ്പോൾ സി.പി. അക്ഷരാർഥത്തിൽ നടുങ്ങി. സഭ സായുധകലാപത്തിന്‌ ആഹ്വാനം ചെയ്യുകയാണെന്ന്‌ ഉറപ്പിക്കുകയും ചെയ്തു!

ഇതേ അബദ്ധമാണിപ്പോൾ കേരളത്തിലെ ഇടതുകക്ഷികൾക്കും സംഭവിച്ചിരിക്കുന്നത്‌. വർഗീയത, വർഗവിദ്വേഷം, വിദ്വേഷ പ്രചാരണം, അക്രമം, നിരീശ്വരവാദം, ലക്ഷ്യംനേടാൻ ഏതു മാർഗവും ഉപയോഗിക്കൽ എന്നീ തിന്മകൾക്കെതിരേ സമാധാനവും വികസനവും ആഗ്രഹിക്കുന്നവർ അണിചേരണം എന്നാണ്‌ മതാധ്യക്ഷന്മാർ വിശ്വാസിസമൂഹത്തെ ഉപദേശിക്കുന്നത്‌. അങ്ങനെ ചെയ്യരുതെന്നാണോ ഇടയലേഖന വിരോധികൾ ആവശ്യപ്പെടുന്നത്‌? അതല്ല, ഇപ്പറഞ്ഞതൊന്നും തിന്മകളല്ലെന്നാണോ അവർ വാദിക്കുന്നത്‌?

ഇത്തരം മൂന്നാര്റിയിപ്പുകൾ ഇടയ്ക്കിടെ നൽകുന്നില്ലെങ്കിൽ വിശ്വാസികൾക്കു പിന്നെന്തിനാണ്‌ ഇടയന്മാർ? ജീവിതത്തിന്റെ ബഹുകാര്യ വ്യഗ്രതകൾക്കിടയിൽ വഴിതെറ്റിപ്പോകാനിടയാവരുതെന്നു വിശ്വാസികളെ മറ്റാരാണ്‌ ഓർമിപ്പിക്കുക? ഇതിന്റെ പേരിലെന്തിനാണു രാഷ്ട്രീയനേതാക്കൾ അസ്വസ്ഥരാകുന്നത്‌? അവർക്കും ഇടയലേഖനങ്ങൾക്കും തമ്മിലെന്തുബന്ധം? ഇതൊന്നും ആലോചിക്കാതെ തൂവലു കണ്ടപ്പഴേ ആമയാണെന്നു നിശ്ചയിച്ചു പടയ്ക്കിറങ്ങുന്നതു സാമാന്യബുദ്ധിയെ പരിഹസിക്കലല്ലേ?

രാഷ്ട്രീയനേതാക്കളുടെ ഉത്കണ്ഠ ആർക്കും മനസിലാകും. പക്ഷേ, രാജാവിനേക്കാൾ വലിയ രാജ്യഭക്തിയോടെ ചില സാംസ്കാരിക നായകർ തുടർവ്യാഖ്യാനങ്ങളുമായി ഇറങ്ങിപ്പുറപ്പെടുന്നതാണു ദുഃസഹം. കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയാകുന്നതെങ്ങനെയെന്നറിയണമെങ്കിൽ ജൂലൈ 28-ലെ ദേശാഭിമാനിയിൽ സുകുമാർ അഴീക്കോടെഴുതിയ ഇടയലേഖന വിമർശനം വായിക്കണം. ഇടയന്മാർ ഇടയരുത്‌ എന്ന ലേഖനശീർഷകംതന്നെ കടുത്ത അസഹിഷ്ണുതയുടെയും മുൻവിധിയുടെയും സൂചനകൾ ഉൾക്കൊള്ളുന്നു. ദൈവവിശ്വാസം എന്ന ഉലക്കകൊണ്ട്‌ താഡിക്കപ്പെടുന്നതു പ്രധാനമായും മാർക്ക്സിസ്റ്റു കക്ഷിയും ഇടതുകക്ഷികളുമാണ്‌ എന്നദ്ദേഹം തീർത്തുപറയുന്നു. ദൈവവിശ്വാസം അദ്ദേഹത്തിനിപ്പോൾ ഉലക്കയായി മാറിയിരിക്കുന്നു എന്നതും ശ്രദ്ധിക്കുക.

തുടർന്നദ്ദേഹം ഉന്നയിക്കുന്ന വിതണ്ഡവാദങ്ങൾ ഒരർഥത്തിൽ ഭയജനകംതന്നെയാണ്‌. ക്രിസ്തുമത സഭാനേതാക്കൾ ചെയ്തതുപോലെ ഹിന്ദു-മുസ്ലിം മതനേതൃത്വങ്ങളും തെരഞ്ഞെടുപ്പു നിർദേശങ്ങൾ നൽകുന്നത്‌ ഈ ഇടയന്മാർക്ക്‌ ഇഷ്ടമാകുമോ? ദൈവവിശ്വാസികളാണു ഹിന്ദുക്കളും മുസ്ലിംങ്ങളും. അവരുടെ ദൈവസങ്കൽപങ്ങളെ സഭ അംഗീകരിക്കുന്നുണേ്ടാ? ഹിന്ദുക്കൾക്ക്‌ വോട്ടുകൊടുക്കുക ഈ പശ്ചാത്തലത്തിൽ പ്രയാസമാണ്‌. ഇങ്ങനെപോയാൽ ഇവിടെ തെരഞ്ഞെടുപ്പിൽ ജയിക്കുക ഹിന്ദു, മുസ്ലിം, ക്രൈസ്തവ മതസംഘങ്ങളായിരിക്കും.

ഈശ്വരാ, ഈ സാംസ്കാരിക നായകൻ എന്തൊക്കെയാണ്‌ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്‌! കെസിബിസിയുടെ ഇടയലേഖനത്തെപ്പറ്റിത്തന്നെയാണോ? അതിൽ ഇത്തരത്തിൽ വ്യാഖ്യാനിക്കാവുന്ന യാതൊരു സൂചനയുമില്ലല്ലോ. ഇതുകൊണ്ടും അരിശംതീരാഞ്ഞ്‌, അദ്ദേഹം സങ്കൽപ്പിക്കുന്ന ഏതോ ഒരു ഘട്ടത്തിൽ, സഭയെ ഇന്ത്യയിൽ നിലനിർത്താനാകുമോ? എല്ലാ ക്രൈസ്തവരും ചിന്തിക്കേണ്ടിവരും എന്നൊരു മൂന്നാര്റിയിപ്പുകൂടി ചേർത്തിരിക്കുന്നു!

ഇപ്പോൾ ഒരു സംശയം. ഇടയലേഖനം വായിച്ചിട്ടുതന്നെയാകുമോ അദ്ദേഹം ഇങ്ങനെയൊക്കെ എഴുതിയത്‌? ആണെങ്കിൽ അദ്ദേഹത്തിനെന്തോ തരക്കേടു സംഭവിച്ചിരിക്കുന്നു. വായിച്ചിട്ടില്ലെങ്കിൽ, നമുക്കദ്ദേഹത്തോടു സഹതപിക്കാം!

2006-ലെ സ്വാശ്രയ വിദ്യാഭ്യാസനിയമത്തിലെ വിവാദ വകുപ്പുകളെല്ലാം കോടതികൾ തള്ളിക്കളഞ്ഞപ്പോൾ മാർക്ക്സിസ്റ്റു പാർട്ടിയും അതിന്റെ യുവജന വിദ്യാർഥി സംഘടനകളും സഭയ്ക്കെതിരേ ചൊരിഞ്ഞ ശകാരങ്ങൾക്കും ഭർത്സനങ്ങൾക്കും ഭീഷണികൾക്കും കൈയും കണക്കും ഉണ്ടായിരുന്നില്ല. അന്ന്‌ വസ്തുതകൾ വിശ്വാസികൾക്കു വിശദീകരിച്ചുകൊടുക്കാൻ എല്ലാ രൂപതാധ്യക്ഷന്മാരും ഇടയലേഖനങ്ങൾ പുറപ്പെടുവിച്ചു. സ്വാഭാവികമായും, അവയിൽ സർക്കാർ നിലപാടുകളോടുള്ള വിയോജിപ്പുകൾ ഉണ്ടായിരുന്നു. അതു സഹിക്കാനാവാതെ, പാർട്ടി സെക്രട്ടറി 2007 ജൂലൈ 17-ന്‌ തിരുവനന്തപുരം ആർട്ട്സ്‌ കോളജിലെ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ, ഇടയലേഖനങ്ങൾ പിൻവലിക്കണമെന്നു മതാധ്യക്ഷന്മാരോടാവശ്യപ്പെട്ടു. എൽഡിഎഫ്‌ ഗവൺമെന്റിനെ രാഷ്ട്രീയമായി എതിർക്കുന്നവരുമായി കൂട്ടുചേരുന്നതു ക്രിസ്തീയസഭയ്ക്കു നല്ലതല്ല എന്നൊരുപദേശവും നൽകി.

ഇതേച്ചൊല്ലി വ്യാപകമായ പ്രതിഷേധം ഉയർന്നപ്പോൾ അദ്ദേഹം, ഇടയലേഖനം പിൻവലിക്കണമെന്നു പറഞ്ഞത്‌ സാങ്കേതികമായി മാത്രമാണെന്നു വിശദീകരിച്ച്‌ തന്റെ നിലപാടിൽനിന്നു പിന്നോക്കംപോയി. കത്തോലിക്കാ സഭയുടെ ആശങ്കകൾ തെറ്റിദ്ധാരണ മൂലമാണെന്നും അവ ചർച്ചയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ എന്നും സൗഹൃദഹസ്തം നീട്ടുകയും ചെയ്തു.

പക്ഷേ, സഭയ്ക്കും മാർക്ക്സിസ്റ്റ്‌ പാർട്ടിക്കും തമ്മിൽ എത്രത്തോളം അടുക്കാനാകും? അടുക്കാനാവില്ല എന്നതല്ലേ സത്യം? മറിച്ചു സംഭവിക്കണമെങ്കിൽ രണ്ടു സമാന്തരരേഖകൾ ഒരിക്കലും കൂട്ടിമുട്ടുകയില്ല എന്ന ജ്യാമിതീയ സിദ്ധാന്തം തെറ്റാണെന്നുവരണം. നിരീശ്വരത്വം അടിസ്ഥാനപ്രമാണമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോട്‌ ഒരു മതത്തിനും ഒരിക്കലും കൂട്ടുചേരാനാവില്ല. സെന്റ്‌ പോളിന്റെ ഒരു നിരീക്ഷണമാണ്‌ ഈ വാദത്തിനു ബലം പകരുന്നത്‌. കോറിന്തോസുകാർക്കെഴുതുമ്പോൾ അദ്ദേഹം ഇങ്ങനെ മൂന്നാര്റിയിപ്പു നൽകുന്നു: നിങ്ങൾ അവിശ്വാസികളുമായി കൂട്ടുചേരരുത്‌. നീതിയും അനീതിയും തമ്മിൽ എന്തു പങ്കാളിത്തമാണുള്ളത്‌? പ്രകാശത്തിന്‌ അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്‌? ക്രിസ്തുവിനു ബലിയാലുമായി എന്തു യോജിപ്പാണുള്ളത്‌? വിശ്വാസിക്ക്‌ അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്‌?
വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത്യന്തം ഗൗരവമേറിയ മൂന്നാര്റിയിപ്പാണ്‌ സെന്റ്‌ പോൾ നൽകുന്നത്‌. ഈ അപ്പസ്തോലിക പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ടാണ്‌ ജൂലൈ 18-ലെ ഇടയലേഖനവും സംസാരിക്കുന്നത്‌. അതു വിശ്വാസികളുടെയും സഭയുടെയും കാര്യം. അതിൽ രാഷ്ട്രീയക്കാർ ഇടപെടേണ്ട.

Friday, July 30, 2010

മതങ്ങൾക്കെതിരേയുള്ള ഭരണപക്ഷ രാഷ്ട്രീയപാർട്ടികളുടെ മദംപൊട്ടിയുള്ള ആക്രമണം

ജി. അയ്യനേത്ത്‌

മദമിളകിയ ആന നാടുവിറപ്പിക്കുന്നത്‌ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്‌. അതിലും വലിയ വാർത്തയായി മാറിയിരിക്കുകയാണ്‌ മതങ്ങൾക്കെതിരേയുള്ള ഭരണപക്ഷ രാഷ്ട്രീയപാർട്ടികളുടെ മദംപൊട്ടിയുള്ള ആക്രമണം. നാലുവർഷത്തെ ഭരണച്ചൂടേറ്റു സഹികെട്ട ജനങ്ങൾക്കും മദപ്പാട്‌ കണ്ടുതുടങ്ങി. ആനപ്പിണ്ടത്തിലെ നാരുപോലെ കുറേ പ്രശ്നങ്ങൾ മാത്രം സമ്മാനിച്ച ഈ ഗവൺമെന്റ്‌ ഇങ്ങനെ പോയാൽ ജനങ്ങൾ വോട്ടുകൊണ്ട്‌ കുത്തിവീഴ്ത്തുമെന്നു ഭരണപക്ഷ പാർട്ടിക്കാർക്ക്‌ മനസിലായി. അപ്പോൾപ്പിന്നെ നിലനിൽപ്പിന്‌ ആയിരത്തൊന്നടവും പുറത്തെടുക്കുകയേ വഴിയുള്ളൂ.

ഒരടവ്‌ സ്വത്വമെന്ന ചെല്ലപ്പേരിട്ട്‌ സത്യത്തിലാരും തിരിച്ചറിയാതെ ചില മതവിഭാഗങ്ങളുടെ മണിയറയിൽ പ്രവേശിക്കുക. മറ്റൊരടവ്‌, വേറേചില മതവിഭാഗങ്ങളെ മദമിളകിയ ആനയെപ്പോലെ ആക്രമിച്ച്‌ അടിയറവു പറയിക്കുക. ഈ അടവുനയത്തിലെ അപകടം ജനങ്ങൾ തിരിച്ചറിയണം.

മതമല്ലിവിടെ പ്രശ്നം, മദമിളകിയ രാഷ്ട്രീയമാണ്‌. മതങ്ങളെ ഉപയോഗിച്ച്‌ മുതലെടുപ്പു നടത്തുന്ന രാഷ്ട്രീയപാർട്ടികളാണ്‌ ഇവിടെ പ്രശ്നം. രാഷ്ട്രീയപാർട്ടികൾക്ക്‌ മതത്തിൽ ഇടപെടാം, മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ടുപിടിക്കാം, മതരഹിതമായി ജീവിക്കാൻ സ്റ്റഡിക്ലാസുകൾ നടത്താം! പക്ഷേ, രാഷ്ട്രീയപാർട്ടികളുടെ ജനദ്രോഹ നടപടികളെ മതങ്ങൾ വിമർശിച്ചുകൂടാ, അതിനെതിരേ സംഘടിച്ചുകൂടാ, ഭൗതികവാദത്തിലടിസ്ഥാനമാക്കിയ അവരുടെ പ്രത്യയശാസ്ത്രത്തിന്റെ പരീക്ഷണ പരാജയങ്ങളെപ്പറ്റി പറഞ്ഞുകൂടാ! ഇത്‌ അധികാര അപ്രമാദിത്വത്തിന്റെ അതിരുകടന്ന അസഹിഷ്ണുതയാണ്‌.

മാർക്ക്സിസ്റ്റ്‌-കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിൽ അടിസ്ഥാനമാക്കിയ ഒരു പാർട്ടിക്ക്‌ വെറുമൊരു രാഷ്ട്രീയ അസ്തിത്വം മാത്രമല്ല ഉള്ളതെന്ന്‌ പകൽവെളിച്ചംപോലെ പരമാർഥമാണ്‌. അതും ഒരു മതമാണ്‌. മനുഷ്യന്റെ സ്വത്വത്തെയും സംസ്കാരത്തെയും ധാർമികതയെയും ബന്ധങ്ങളെയും എല്ലാമെല്ലാം സാരമായി സ്പർശിക്കുന്ന മതം. പ്രസ്തുത പ്രത്യയശാസ്ത്രപുരാണം പിന്തുടരുന്ന പാർട്ടിക്കും പാർട്ടിയുടെ മാത്രം കീഴിൽവരുന്ന രാഷ്ട്രത്തിനും അദ്ഭുതം സൃഷ്ടിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്ന മതം, സ്നേഹത്തിനും ത്യാഗത്തിനും വേണ്ടിയല്ല, പാർട്ടിക്കും പ്രത്യയശാസ്ത്രത്തിനുംവേണ്ടി കൊല്ലും കൊലയും നടത്തിയവർക്ക്‌ രക്തസാക്ഷിമണ്ഡപം പണിയുന്ന മതം, പാർട്ടിക്കൊടിക്കീഴിൽ നടയിരുന്ന്‌ ചുരുട്ടിയ മുഷ്ടി ആകാശത്തിടിച്ച്‌ അക്രമത്തെ ആരാധനയാക്കിമാറ്റുന്ന മതം.

രാഷ്ട്രീയമെന്നുള്ളത്‌ അവരുടെ മതത്തിന്റെ രഹസ്യ അജൻഡ നടപ്പാക്കാനുള്ള മാർഗമെന്നേയുള്ളൂ. അങ്ങനെയുള്ള ഒരു പാർട്ടിക്ക്‌ അലറാൻ ഒരവകാശവുമില്ല. മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന്‌ അവർക്കു പറയാം. അത്‌ അവരുടെ അവകാശം. എന്നാൽ, രാഷ്ട്രീയമെന്നു പറയുന്നത്‌ ഒരു രാജ്യത്തിന്റെ പൗരനെന്ന നിലയിൽ ഒരു വ്യക്തി ആ രാജ്യത്തിന്റെ നന്മയിലും പുരോഗതിയിലും പങ്കുകാരനാകുന്ന പ്രക്രിയയാണ്‌. അതു വ്യക്തിപരവുമാകാം. സംഘാത്മകവുമാകാം, മതങ്ങൾ സംഘാത്മകമായ രീതിയിൽ അതിൽ പങ്കുകാരാകുന്നു.

നൂറ്റാണ്ടുകളുടെ പരിണാമചരിത്രം അവകാശപ്പെടാനുള്ള വ്യവസ്ഥാപിത മതങ്ങൾ അവയുടെ പരിമിതികളും മൂല്യശോഷണങ്ങളുമെല്ലാം നിലനിൽക്കെത്തന്നെ രാഷ്ട്രനിർമിതിയിൽ വലിയവലിയ സംഭാവനകൾ നൽകിയിട്ടുള്ളതും നൽകിക്കൊണ്ടിരിക്കുന്നതുമാണ്‌. അതേസമയം കമ്യൂണിസ്റ്റ്‌ കൊളോണിയലിസ്റ്റുകൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലോ ആധുനിക ഇന്ത്യയുടെ നിർമിതിയിലോ കാര്യമായ സംഭാവനയൊന്നും ചെയ്തിട്ടില്ലെന്നു മാത്രമല്ല പലതിനും തടസമായിട്ടാണ്‌ നിന്നിട്ടുള്ളത്‌. പ്രത്യയശാസ്ത്രഭക്തരേ, നിങ്ങൾക്ക്‌ ആദ്യമുണ്ടാകേണ്ടത്‌ പാർട്ടിസ്നേഹമല്ല, രാജ്യസ്നേഹമാണ്‌, പ്രത്യയശാസ്ത്ര വർഗീയതയല്ല, മതസഹിഷ്ണുതയാണ്‌.

കൊളോണിയലിസ്റ്റുകൾ എന്ന വിശേഷണം ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്ര പാർട്ടികൾക്ക്‌ നൂറുശതമാനവും യോജിച്ചതാണ്‌. അതിന്റെ അനുയായികൾ വിദേശീയരല്ലെങ്കിലും അതിന്റെ പ്രത്യയശാസ്ത്രത്തിന്‌ സായ്പിന്റെ പഴയ സാമ്രാജ്യത്വ അധിനിവേശസ്വഭാവം എല്ലാ അർഥത്തിലുമുണ്ട്‌. തങ്ങളുടെ പ്രത്യയശാസ്ത്രവും അതു വിഭാവന ചെയ്യുന്ന രാഷ്ട്രീയവും സാമൂഹ്യവ്യവസ്ഥിതിയും സംസ്കാരവും സാഹിത്യവുമൊഴിച്ച്‌ മേറ്റ്ല്ലാം വിപ്ലവത്തിലൂടെ തുടച്ചുമാറ്റേണ്ടതാണെന്നുള്ള ധാർഷ്ട്യവും അപ്രമാദിത്യവും (സായ്പ്‌, തങ്ങളുടെ സംസ്കാരവും സാമൂഹ്യരാഷ്ട്രീയ വ്യവസ്ഥി തിയുമൊക്കെ അടിച്ചേൽപിച്ച്‌ തദ്ദേശീയമായതിനെ നശിപ്പിക്കാൻ പരിശ്രമിച്ചത്‌ ഓർക്കുക) രഹസ്യ അജൻഡകൾ വച്ചുകൊണ്ട്‌ രാഷ്ട്രീയ അടവുകൾ മാറിമാറി പയറ്റി അധികാരം നിലനിർത്തുന്ന കള്ളച്ചൂതാട്ടം (സായ്പ്‌, സാഹചര്യങ്ങൾ തങ്ങൾക്ക്‌ അനുകൂലമാകത്തക്കവണ്ണം നാട്ടുരാജാക്കന്മാരുമായി രഹസ്യധാരണകളുണ്ടാക്കി കളം മാറി മാറി ചവിട്ടിയ കള്ളക്കളികൾ ഓർക്കുക), പരമ്പരാഗത മതങ്ങൾ തമ്മിലും അതിലെ വിവിധ വിഭാഗങ്ങളും നേതാക്കന്മാരും തമ്മിലും വിവിധ വംശങ്ങൾ തമ്മിലും കലഹിക്കാൻ വഴിയുണ്ടാക്കി ഭിന്നിപ്പിച്ചു ഭരിക്കുക (സായ്പ്‌, മതവർഗീയത ആളിക്കത്തിച്ചും ഗോത്രവർഗ നേതാക്കന്മാരെ പ്രീണിപ്പിച്ചും പരസ്പരം പിണക്കിയും ഭിന്നിപ്പിച്ചു ഭരിച്ചത്‌ ഓർക്കുക), ബുദ്ധിജീവികളെ വിലയ്ക്കെടുത്ത്‌ (അർഥം കൊടുത്താകണമെന്നു നിർബന്ധമില്ല, അധികാരമോ പദവിയോ സ്ഥാനമാനങ്ങളോ അതുമല്ലെങ്കിൽ സാംസ്കാരികനായകപട്ടം, ബുദ്ധിജീവിപട്ടം...എന്നിങ്ങനെയുമാവാം) അറിവും അക്ഷരവും ആശയവുമെല്ലാം തങ്ങളുടെ വഴിക്ക്‌ തിരിച്ചുവിടുക (സായ്പ്‌, അച്ചടിമാധ്യമമുപയോഗിച്ച്‌ പാഠപുസ്തകങ്ങൾ വഴിയായും ചരിത്രരചനകൾ വഴിയായും തങ്ങളുടെ സാമ്രാജ്യത്വം ശക്തിപ്പെടുത്തിയത്‌ ഓർക്കുക). ഇങ്ങനെ സമർഥിക്കാവുന്ന സാമ്യങ്ങളുടെ ഒരുനീണ്ട പട്ടികതന്നെ നമുക്കു മുമ്പിലുണ്ട്‌, വിദേശാധിനിവേശ ശക്തികളും കമ്യൂണിസ്റ്റ്‌ കൊളോണിയലിസ്റ്റുകളും തമ്മിൽ. ഇവിടെ പ്രശ്നം എന്താണ്‌? പരമ്പരാഗത മതങ്ങളാണോ മദമിളകിയ പാർട്ടിരാഷ്ട്രീയമാണോ?

പാർട്ടികൾ മതങ്ങളാകുന്നതും മതങ്ങളെ പാർട്ടിരാഷ്ട്രീയത്തിന്റെ സ്ഥാപിത താത്പര്യങ്ങൾക്ക്‌ ഉപയോഗിക്കുന്നതുമാണ്‌ ഇവിടത്തെ പ്രശ്നം. തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ പുഴുങ്ങിയെടുത്ത സാദാചാരം പ്രചരിപ്പിക്കുകയും അതു പാലിക്കാൻ അണികളെ നിർബന്ധിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ്‌ പാർട്ടി തത്ത്വത്തിലും പ്രയോഗത്തിലും ഒരു രാഷ്ട്രീയപ്രസ്ഥാനമല്ല, മതമാണ്‌. പാർട്ടി മതമാകുമ്പോൾ സ്വാഭാവികമായി അതിന്‌ പരമ്പരാഗത മതങ്ങളെ എതിർക്കേണ്ടത്‌ അതിന്റെ നിലനിൽപ്പിന്റെ ആവശ്യമായി മാറുന്നു. ഈ സംഘർഷമാണ്‌ കേരളത്തിലും ലോകത്തെവിടെയൊക്കെ മാർക്ക്സിസ്റ്റ്‌-കമ്യൂണിസ്റ്റ്‌ മതം അവശേഷിക്കുന്നുണേ്ടാ അവിടെയൊക്കെയും നിലനിൽക്കുന്നത്‌. രാഷ്ട്രീയപ്രസ്ഥാനമെന്നത്‌ ഒരു ബാഹ്യപരിവേഷം മാത്രമാണ്‌, അധികാരം പിടിച്ചെടുത്ത്‌ തങ്ങളുടെ മതം അടിച്ചേൽപ്പിക്കാനുള്ള വെറും തന്ത്രം.

അങ്ങനെവരുമ്പോൾ കമ്യൂണിസ്റ്റ്‌ പാർട്ടികളുടെ ഭരണഘടനതന്നെ ഇന്ത്യൻ ഭരണഘടനയ്ക്ക്‌ എതിരാണ്‌. കാരണം, രാഷ്ട്രീയ അധികാരത്തെയും ഭരണയന്ത്രത്തെയും പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണത്തിനായി ദുരുപയോഗിക്കുന്നു. ഇങ്ങനെ കമ്യൂണിസ്റ്റ്‌ പാർട്ടികൾ അനർഹമായ ആനുകൂല്യം അനുഭവിക്കുമ്പോൾ ഇവിടത്തെ പരമ്പരാഗത മതങ്ങൾ, അവർക്കു രാഷ്ട്രീയ അധികാരം ഇല്ലാത്തതുകൊണ്ട്‌, അവരുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി രാഷ്ട്രീയക്കാരുടെ മുമ്പിൽ ഭിക്ഷാംദേഹികളായി നിൽക്കേണ്ട അവസ്ഥയാണുള്ളത്‌. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾക്കുവേണ്ടി അവർ വാദിക്കുമ്പോൾ, അതു സാധിച്ചുകിട്ടാൻ കോടതിയെ സമീപിക്കുമ്പോൾ നിരീശ്വരവാദ പ്രത്യയശാസ്ത്രങ്ങൾക്കെതിരേ മതപ്രബോധനം നടത്തുമ്പോൾ, ഇടയലേഖനങ്ങൾ എഴുതുമ്പോൾ മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന്‌ ആക്രോശിച്ചു കലിതുള്ളുന്ന കമ്യൂണിസ്റ്റ്‌ പാർട്ടികൾ കാപട്യത്തിന്റെ പൊയ്മുഖവും രാഷ്ട്രീയഭീകരതയുടെ ധാർഷ്ട്യവുമാണ്‌ അണിഞ്ഞിരിക്കുന്നത്‌.

സക്കറിയയെ സദാചാരം പഠിപ്പിക്കാനും അബ്ദുള്ളക്കുട്ടിയുടെ ധാർമികത ഒളിഞ്ഞിരുന്ന്‌ നോക്കാനും മെത്രാന്മാരെ ബൈബിളും മാർപാപ്പയുടെ ചാക്രികലേഖനങ്ങളും പ്രബോധിപ്പിക്കാനും കലാലയഗുരുക്കന്മാരെ അനുസരണം അഭ്യസിപ്പിക്കാനും കോടതികളുടെ ‘ശുംഭത്വം’ മാറ്റി വമ്പത്തം വരുത്താനും കമ്യൂണിസ്റ്റ്‌ മതത്തിന്റെ സാദാചാര കാവലാളന്മാർ പെടുന്ന പെടാപ്പാടൊന്നു വേറെതന്നെയാണ്‌. ഇതുവഴി ഇന്ത്യൻ ഭരണഘടനയ്ക്കു വിരുദ്ധമായ സമാന്തര ഭരണസംവിധാനം പാർട്ടിയെന്ന നിലയിലും ഇവിടുത്തെ പരമ്പരാഗത മതദർശനങ്ങൾക്കു വിരുദ്ധമായി ഒരു സമാന്തര സംസ്കാരം ഭൗതികവാദത്തിലധിഷ്ഠിതമായ മതമെന്ന നിലയിലും കൊളോണിയലിസ്റ്റുകളുടെ എല്ലാ തന്ത്രങ്ങളോടുംകൂടി നടപ്പാക്കാൻ മാർക്ക്സിസ്റ്റ്‌-കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾ ഇവിടെ ശ്രമിക്കുകയാണ്‌.

അതിന്‌ അവരെ അനുവദിച്ചാൽ നമ്മുടെ രാജ്യത്തോടും വരുംതലമുറയോടും ചെയ്യുന്ന വഞ്ചനയും ക്രൂരതയുമാണെന്ന്‌ ചരിത്രത്തിന്റെ ചുവരെഴുത്തുകളിൽനിന്ന്‌ നമുക്കു വായിച്ചെടുക്കാം. മാർക്ക്സിസ്റ്റ്‌-കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾ ഒന്നുകിൽ അവരുടെ മതസ്വഭാവം കൈവെടിഞ്ഞ്‌ ഒരു രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയിൽ നമ്മുടെ പരമ്പരാഗത മതങ്ങളുടെ ദർശന, ധർമങ്ങളോട്‌ കൈകോർത്ത്‌ രാജ്യത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കണം. അല്ലെങ്കിൽ അവർ അവരുടെ രാഷ്ട്രീയപാർട്ടിയെന്ന അസ്തിത്വം കൈവെടിഞ്ഞ്‌ ഭൗതികവാദത്തിലധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്ര മതമെന്ന നിലയിൽ അതു പ്രചരിപ്പിക്കാൻ ഇറങ്ങിത്തിരിക്കണം. അതിനുള്ള സ്വാതന്ത്ര്യം ഇന്ത്യയിൽ അവർക്കുണ്ട്‌. അതിനുപകരം രണ്ടുംകൂടി ഒന്നിച്ചനുഭവിച്ച്‌ ഒരേസമയം ഭരണഘടന തകർക്കാനും രാഷ്ട്രീയാധികാരം ഉപയോഗിച്ച്‌ സമാന്തര സംസ്കാരം ഉണ്ടാക്കാനും ശ്രമിച്ചാൽ കണ്ണുംപൂട്ടിയിരിക്കാൻ വിവരമുള്ള ഒരു രാജ്യസ്നേഹിക്കും കഴിയില്ല.

ലോകചരിത്രത്തിലേക്കൊന്നും പോകണ്ട, സ്വതന്ത്ര ഇന്ത്യയിലെ കേരളചരിത്രത്തിലേക്കൊന്നു കണ്ണോടിച്ചാൽ മാത്രം മതി, കമ്യൂണിസ്റ്റ്‌ മതമൗലികവാദത്തിന്റെ ഭീകരത മനസിലാക്കാനാകും. വിവിധ മതങ്ങളും ഓരോ മതത്തിലും വിവിധ വിഭാഗങ്ങളും ജാതികളുമെല്ലാം നിലനിൽക്കുകയും ചെയ്യുന്ന കേരളത്തിൽ അവ തമ്മിൽ ലഹളകളോ അക്രമങ്ങളോ കൊലപാതകങ്ങളോ വളരെ വിരളമാണ്‌. എന്നാൽ, അതിനെ അപേക്ഷിച്ചുനോക്കുമ്പോൾ മാർക്ക്സിസ്റ്റ്‌-കമ്യൂണിസ്റ്റ്‌ പാർട്ടികളുടെ അടിത്തറയുറപ്പിക്കാൻ നടത്തിയിട്ടുള്ള കൊലപാതകങ്ങളും അക്രമങ്ങളും എത്രയോമടങ്ങ്‌ കൂടുതലാണ്‌? ഉണ്ടായിട്ടുള്ള ചില വർഗീയലഹളകൾപോലും രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി മതത്തെ കരുവാക്കി വിവിധ രാഷ്ട്രീയപാർട്ടികൾ നടത്തിയിട്ടുള്ളതാണ്‌. ഇതുതന്നെയാണ്‌ ഗുജറാത്തിലും ഒറീസയിലും കാഷ്മീരിലുമെല്ലാം നടന്നിട്ടുള്ളതും നടക്കുന്നതും.

ഇതിൽനിന്നുതന്നെ നമുക്ക്‌ മനസിലാക്കാം മതമല്ല പ്രശ്നം മദമിളകിയ രാഷ്ട്രീയമാണെന്ന്‌. കേരളത്തിലെ ജയിലിൽ കിടക്കുന്നവരിൽ നല്ലൊരുശതമാനവും കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രമതത്തെ അന്ധമായി അനുഗമിച്ച്‌ കൊലപാതകത്തിലും അക്രമത്തിലും ഗുണ്ടായിസത്തിലും എത്തിപ്പെട്ടവരാണെന്ന്‌ അടുത്തയിടെ പുറത്തുവിട്ട കണക്കുകൾ പറയുന്നു. അവരെ രാഷ്ട്രീയത്തടവുകാരെന്നു വിളിച്ചാൽ, രാഷ്ട്രത്തിന്റെ പുരോഗതിക്കും നന്മയ്ക്കുംവേണ്ടി ത്യാഗം സഹിച്ച്‌ ജയിലിൽ കിടക്കേണ്ടിവന്ന ഗാന്ധിജിയെപ്പോലുള്ള രാജ്യസ്നേഹികളോടും മനുഷ്യസ്നേഹികളോടും കാണിക്കുന്ന ഏറ്റവും വലിയ നിന്ദയായിരിക്കും.

തങ്ങളുടെ മതദർശനങ്ങൾക്ക്‌ അൽപ്പമെങ്കിലും വില കൽപ്പിക്കുന്ന ഒരു ഹിന്ദുവും മുസൽമാനും ക്രൈസ്തവനും കൊലപാതകവും അക്രമവും രാജ്യദ്രോഹവും പ്രവർത്തിക്കുകയില്ല. മദമിളകിയ രാഷ്ട്രീയമാണ്‌ ഇവിടെ മതഭ്രാന്തന്മാരെ സൃഷ്ടിച്ചത്‌. മതങ്ങളിൽതന്നെ വിഭാഗീയത വിതച്ച്‌ സെക്ടുകളെയും ആൾദൈവങ്ങളെയും ആവശ്യംപോലെ വളർത്തി അധികാരം നിലനിർത്താൻ അടവുകൾ പ്രയോഗിച്ചത്‌. ഇതൊരു ആഗോള പ്രതിഭാസമാണ്‌.

ശീതസമരകാലത്ത്‌ കമ്യൂണിസ്റ്റ്‌ ഏകാധിപത്യത്തിന്റെ തണലിലും അമേരിക്കൻ മുതലാളിത്തത്തിന്റെ തണലിലും അണ്വായുധങ്ങളും ജൈവായുധങ്ങളും രാസായുധങ്ങളും വർധിച്ചതുപോലെതന്നെ മതായുധങ്ങൾ മെനഞ്ഞെടുത്തും മുതലെടുപ്പു നടത്തി. മതായുധങ്ങളാക്കാൻ സദ്ദാംഹുസൈൻമാരെയും ബിൻലാദന്മാരെയും ചില ക്രൈസ്തവ സെക്ടുകളെയും അവർ പാലൂട്ടിവളർത്തി. ഇന്ത്യയിലും ഇതെല്ലാം കണ്ട്‌ പാർട്ടികളും തീവ്രവാദ പ്രസ്ഥാനങ്ങളും ഉടലെടുത്തു. രാഷ്ട്രീയക്കാർ തീവ്രവാദ ആശയങ്ങളും ആയുധങ്ങളും കൊടുത്തുവളർത്തിയ ഈ വ്യാജന്മാർവഴി മതങ്ങളുടെ ഹൃദയങ്ങളാണ്‌ മുറിപ്പെട്ടിട്ടുള്ളത്‌. മതമല്ലിവിടെ പ്രശ്നം, മദമിളകിയ രാഷ്ട്രീ യമാണെന്നു ജനങ്ങൾ തിരിച്ചറിയണം.

Sunday, July 11, 2010

''മതനിഷേധിയല്ല; ഞാന്‍ മനുഷ്യസ്‌നേഹി''

ഇരുപത്തഞ്ചു വര്‍ഷമായി മഹാത്മാഗാന്ധി സര്‍വകലാശാലയ്‌ക്കു കീഴിലുള്ള മൂന്നു കോളജുകളില്‍ പഠിപ്പിച്ചതാണു പ്രൊഫ. ടി.ജെ. ജോസഫ്‌. കര്‍മ്മരംഗത്ത്‌ മതവിശ്വാസത്തിനോ മതവിശ്വാസികള്‍ക്കോ എതിരായി ബഹുമാനമില്ലാതെയോ ആക്ഷേപിച്ചോ സംസാരിച്ചിട്ടില്ലെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു.

ഒട്ടേറെ പരീക്ഷകള്‍ നടത്തുകയും അവയ്‌ക്കു ചോദ്യങ്ങള്‍ തയാറാക്കുകയും ചെയ്‌തിട്ടുള്ള അനുഭവ സമ്പന്നനായ ഈ അധ്യാപകന്‍ ആശുപത്രിക്കിടക്കയില്‍ അനുവദിച്ച അഭിമുഖത്തില്‍ ഒരു കാര്യമേ പറയുന്നുള്ളൂ, ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ. ഞാന്‍ മതത്തിനോ മതവിശ്വാസത്തിനോ എതിരല്ല.

തൊടുപുഴ ന്യൂമാന്‍ കോളജില്‍ 2010 മാര്‍ച്ച്‌ 23 നു നടന്ന ഇന്റേണല്‍ പരീക്ഷയില്‍ രണ്ടാം സെമസ്‌റ്റര്‍ ബി.കോം മലയാളത്തിന്റെ ചോദ്യപേപ്പര്‍ തയാറാക്കാനും ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താനുമുള്ള ഉത്തരവാദിത്തം ജോസഫിനായിരുന്നു. ഇതിന്റെ ഭാഗമായി എഴുത്തോല എന്ന ഗ്രന്ഥത്തില്‍നിന്നു ചോദ്യങ്ങള്‍ തയാറാക്കിയതു ജോസഫായിരുന്നു. എഴുത്തുഭാഷ കുറ്റമറ്റതാക്കാനുള്ള എഴുത്തോല എന്ന പുസ്‌തകത്തില്‍ ചിഹ്നം എന്ന പേരിലുള്ള മൂന്നാം അധ്യായത്തില്‍ പൂര്‍ണവിരാമം, അര്‍ദ്ധവിരാമം, അങ്കുശം, ഭിത്തിക, ശൃംഖല, ഉദ്ധരണി, വിക്ഷേപിണി, കാകു, വലയം എന്നീ ചിഹ്നങ്ങളുടെയെല്ലാം ഉപയോഗരീതികളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നു.

ഈ അധ്യായത്തെ അടിസ്‌ഥാനമാക്കിയാണു വിവാദ ചോദ്യം തയാറാക്കിയത്‌. ഈ ചോദ്യത്തിനുവേണ്ടി അവലംബിച്ചത്‌ കേരളഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ചതും പി.എം. ബിനുകുമാര്‍ സമ്പാദനവും പഠനവും നിര്‍വഹിച്ചതുമായ 'തിരക്കഥയുടെ രീതിശാസ്‌ത്രം' എന്ന പുസ്‌തകത്തില്‍ 'ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍' എന്ന പേരില്‍ തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദ്‌ എഴുതിയ ലേഖനത്തിലെ സംഭാഷണശകലമാണ്‌. ഇത്‌ എം.ജി. സര്‍വകലാശാല ബി.എ. ഡിഗ്രി മലയാളം പ്രോഗ്രാമിനു റഫറന്‍സ്‌ ഗ്രന്ഥമായി 2009-10 മുതല്‍ നിര്‍ദേശിച്ചിട്ടുള്ളതാണ്‌. മൂന്നു വര്‍ഷം മുമ്പുവരെ മലയാളം എം.എ. വിദ്യാര്‍ഥികള്‍ക്കു തീയേറ്ററും സിനിമയും എന്ന പേപ്പറിനും ഇതു റഫറന്‍സ്‌ ഗ്രന്ഥമായിരുന്നു. ഈ ലേഖനത്തില്‍നിന്നു പ്രസ്‌തുത സംഭാഷണഭാഗം അടര്‍ത്തിയെടുത്തപ്പോള്‍ പി.ടി. കുഞ്ഞുമുഹമ്മദിനോടുള്ള ആദരസൂചകമായി കഥാപാത്രത്തിനു മുഹമ്മദ്‌ എന്ന പേരു നല്‍കി.

സര്‍വകലാശാലാതലത്തില്‍ മലയാള പഠനമെന്നാല്‍ മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും പഠനമാണ്‌. ദൈവവും മുഹമ്മദ്‌ എന്ന കഥാപാത്രവും തമ്മിലുള്ള ആലങ്കാരികമായ സംവാദം ചോദ്യത്തിന്റെ ഭാഗമായി ചേര്‍ത്തതില്‍ മറ്റൊരു സദുദ്ദേശ്യം കൂടിയുണ്ടായിരുന്നു. ദൈവവുമായി സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്ന കഥാപാത്രം- മുഹമ്മദ്‌- നിസാരരും നിസഹായരുമായ മനുഷ്യരുടെ പ്രതീകമാണ്‌.

ആകുലതകളാലും തീരാത്ത സംശയങ്ങളാലും വേട്ടയാടപ്പെടുന്ന അവര്‍ എപ്പോഴും ദൈവത്തില്‍ ശരണപ്പെട്ടു കൊണ്ടിരിക്കുന്നു. നാഴികയ്‌ക്കു നാല്‍പതുവട്ടം അവര്‍ ദൈവത്തെ വിളിക്കുന്നു. പ്രപഞ്ചത്തെ മുഴുവന്‍ പരിപാലിക്കുന്നതില്‍ വ്യഗ്രത പൂണ്ട ദൈവം വിളികേള്‍ക്കുന്നു. നിരന്തരം വിളിച്ചു ശല്യപ്പെടുത്തുന്നതിന്റെ നീരസം ദൈവത്തിനുണ്ടുതാനും. ഈ സംഭാഷണ ശകലം ഉദാത്തമായ ദൈവികതയ്‌ക്ക് ഉദാഹരണമാണ്‌. മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ കുട്ടികള്‍ക്കു തിരികെ നല്‍കി ചോദ്യോത്തരങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ചിഹ്ന വ്യവസ്‌ഥയേപ്പറ്റി മാത്രമല്ല അതിനുവേണ്ടി നല്‍കിയിട്ടുള്ള സംഭാഷണശകലത്തിന്റെ ആലങ്കാരികതയും അതുവഴി ഉദാത്ത ഹാസ്യത്തിന്റെ രീതിശാസ്‌ത്രവും ചര്‍ച്ചചെയത്‌ വിദ്യാര്‍ഥികളുടെ സാഹിത്യാവബോധവും സഹൃദയത്വവും വികസിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണു ചോദ്യം തയാറാക്കിയത്‌.

ആധുനികോത്തര സാഹിത്യരചനാ സമ്പ്രദായത്തില്‍ ഒരു പദത്തിന്‌ ഒരര്‍ത്ഥം മാത്രമല്ല ഉള്ളത്‌. ഇംഗ്ലീഷിലും മലയാളത്തിലും വ്യാകരണം പഠിപ്പിക്കാനുപയോഗിക്കുന്ന രാമന്‍ പാമ്പിനെ കൊന്നു എന്ന അര്‍ത്ഥത്തിലുള്ള പ്രയോഗം വ്യാഖ്യാനിച്ച്‌ രാമന്‍ ശ്രീരാമനാണന്നും പാമ്പ്‌ അനന്തനാണെന്നും ആരോപിച്ച്‌ പഠിപ്പിച്ച അധ്യാപകന്റെ തലയോ കൈയോ വെട്ടാന്‍ ആരും മുതിര്‍ന്നിട്ടില്ല.

വിവാദത്തേത്തുടര്‍ന്ന്‌ തന്നേക്കുറിച്ചു പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വന്നതിലുള്ള ദു:ഖം ജോസഫ്‌ മറച്ചുവച്ചില്ല. തൊടുപുഴ ന്യൂമാന്‍ കോളജിലേക്കു വകുപ്പുമേധാവിയായി സ്‌ഥാനക്കയറ്റത്തോടെ സ്‌ഥലം മാറ്റി നിയമിച്ച തന്നെ അച്ചടക്ക നടപടികളുടെ ഭാഗമായി സ്‌ഥലം മാറ്റിയതാണെന്ന പത്ര റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തെ വേദനിപ്പിച്ചു.

ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും അംഗമല്ലാത്ത തന്നെ ചില രാഷ്‌ട്രീയക്കാരാണു സംരക്ഷിക്കുന്നതെന്നു പത്രങ്ങളെഴുതി. കമ്യൂണിസ്‌റ്റ് സഹായാത്രികനും മതവിരുദ്ധനും മാനേജ്‌മെന്റ്‌ വിരുദ്ധനുമായ ക്രിസ്‌തീയ നാമധാരി മാത്രമാണു താനെന്നു വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമം ചിലര്‍ നടത്തിയതായും അദ്ദേഹം ആരോപിക്കുന്നു. നിര്‍മ്മലാ കോളജിനോടനുബന്ധിച്ച്‌ നിര്‍മ്മലമാതാ പള്ളി ഒരു സ്വതന്ത്ര ഇടവകയായി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ അവിടെ വേദപാഠം അധ്യാപകനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. തൊടുപുഴ ന്യൂമാന്‍ കോളജില്‍ മലയാള വിഭാഗം തലവനായി ചുമതലയേറ്റശേഷം കോളജിലെ വാല്യൂ എഡ്യൂക്കേഷന്‍ സെല്ലിന്റെ ഡയറക്‌ടറായിരുന്നു.

മൂല്യബോധന ക്ലാസുകള്‍ക്കായി വിഷയങ്ങള്‍ കണ്ടെത്തി ചെറുലേഖനങ്ങള്‍ തയാറാക്കി കോളജിലെ വൈദികരും കന്യാസ്‌ത്രീകളുമടങ്ങുന്ന അധ്യാപകര്‍ക്കു നല്‍കുന്ന ചുമതല നിര്‍വഹിച്ചിരുന്നു. കാര്യക്ഷമമായ പ്രവര്‍ത്തനത്തെ കോളജ്‌ വാര്‍ഷിക റിപ്പോര്‍ട്ടിലും മാഗസിനിലും പ്രിന്‍സിപ്പല്‍ അനുമോദിച്ചതാണ്‌.

രണ്ടാം വര്‍ഷവും ആ ചുമതല ഏല്‍പിച്ചു. അതനുസരിച്ചു തയാറാക്കിയ ലേഖനത്തില്‍ പ്രവാചകനായ മുഹമ്മദ്‌ നബിയെ മനുഷ്യവര്‍ഗത്തെ പ്രബുദ്ധമാക്കാന്‍ നിയോഗമെടുത്ത സ്‌നേഹപ്രവാചകനെന്നാണു താന്‍ വിശേഷിപ്പിച്ചതെന്നും ജോസഫ്‌ എടുത്തുപറഞ്ഞു. ഇത്രയും കാലത്തെ അധ്യാപനത്തിനിടയില്‍ നൂറുകണക്കിനു മുസ്ലീം വിദ്യാര്‍ഥികളെ പഠിപ്പിച്ചിട്ടുണ്ട്‌.

തന്റെ ജീവിതവീക്ഷണങ്ങളെക്കുറിച്ച്‌ അവരിലാരോടെങ്കിലും ഒരു വാക്കു ചോദിച്ചിരുന്നെങ്കില്‍ അന്നദാതാവായ വലതുകരം നഷ്‌ടപ്പെടില്ലായിരുന്നുവെന്നു ജോസഫ്‌ വിശ്വസിക്കുന്നു. ആരോടും പരിഭവമില്ല. ഒരപേക്ഷയേയുള്ളൂ. ശിഷ്‌ടകാലം ഈ ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കാന്‍ തന്നെയും കുടുംബത്തെയും അനുവദിക്കുക.
(Report published in Mangalam Daily - 11th July, 2010)

Friday, May 7, 2010

നാലുവര്‍ഷം ഭരിച്ചപ്പോള്‍ സി.പി.എം. പിരിച്ചെടുത്തത്‌ കോടികള്‍
Text Size:
കോഴിക്കോട്‌: നാലുവര്‍ഷത്തിനിടെ സി.പി.എം. നാടൊട്ടുക്കു നടന്നു പിരിച്ചെടുത്തത്‌ കോടികള്‍. പാര്‍ട്ടി ചോദിക്കുമ്പോഴൊക്കെ പൊതുജനം വാരിക്കോരി കൊടുക്കുന്നതോടെ ഫണ്ട്‌ സമാഹരണം സര്‍വ റെക്കോര്‍ഡുകളും കടന്നിരിക്കുകയാണ്‌.

സി.പി.എം. പിരിച്ചെടുത്ത പണത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ലെങ്കിലും കൂട്ടിയാലും കുറച്ചാലും കിട്ടുന്നത്‌ കോടികളുടെ കണക്കുകള്‍ മാത്രമാണ്‌.

പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പണപ്പിരിവിനെതിരേ മറുവിഭാഗത്തിന്റെ എതിര്‍പ്പു ശക്‌തമായിട്ടും പിരിവു മാമാങ്കം മുന്നേറുന്നത്‌ പാര്‍ട്ടിക്കുള്ളില്‍ പുതിയ പ്രശ്‌നങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്‌.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഇ.കെ.നായനാര്‍ക്ക്‌ ജന്മനാടായ കണ്ണൂരില്‍ സ്‌മാരകം നിര്‍മ്മിക്കുന്നതിനുളള ഹുണ്ടിക പിരിവ്‌ രണ്ടു ദിവസമായി സി.പി.എം. നടത്തിയപ്പോള്‍ പിരിഞ്ഞു കിട്ടിയത്‌ 6,36,76,437 രൂപയായിരുന്നു.

ഈ പണം ഉപയോഗിച്ചാണ്‌ കണ്ണൂര്‍ പയ്യാമ്പലത്തിനടുത്തു തിരുവേപ്പതി മില്ലിന്റെ ഉടമസ്‌ഥതയിലുളള സ്‌ഥലം വിലയ്‌ക്കുവാങ്ങിയത്‌. രാജ്യവ്യാപകമായി സി.പി.എം. നിയന്ത്രണത്തില്‍ പലസ്‌തീന്‍ ഫണ്ട്‌ പിരിവു നടത്തിയപ്പോള്‍ കേരളത്തില്‍ നിന്നും സി.പി.എം. സംസ്‌ഥാന നേതൃത്വം 87.5 ലക്ഷം രൂപ പിരിച്ചെടുത്തു. ആന്ധ്രയിലെ കര്‍ഷക സമരത്തെ തുടര്‍ന്നു കര്‍ഷകരെ സഹായിക്കാനായുളള സഹായ നിധിയിലേക്കും സംസ്‌ഥാനത്തു നിന്നും സി.പി.എം. 77 ലക്ഷം പിരിച്ചുനല്‍കി.

പാര്‍ട്ടിക്കു വേണ്ടി രക്‌തസാക്ഷിയായവരുടെ കുടുംബത്തെ സഹായിക്കാനും അവശതയനുഭവിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പെന്‍ഷന്‍ നല്‍കാനുമായി പാര്‍ട്ടി നടത്തിയ ഫണ്ടു സമാഹാരത്തില്‍ 7,93,13,880 രൂപയാണു പിരിച്ചെടുത്തത്‌. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ തുക അര്‍ഹര്‍ക്കു വിതരണം ചെയ്‌തുതുടങ്ങിയിട്ടുണ്ട്‌.

ഓരോ വര്‍ഷവും നടക്കുന്ന പ്രവര്‍ത്തന ഫണ്ട്‌ ശേഖരണത്തിലൂടെ 20 കോടിയോളം രൂപയാണ്‌ പാര്‍ട്ടി അക്കൗണ്ടിലേക്ക്‌ എത്തുന്നുവെന്നാണു കണക്കാക്കുന്നത്‌. ഓരോ ബ്രാഞ്ച്‌ കമ്മിറ്റികയും ശരാശരി 5000 രൂപ വീതം നല്‍കുന്നതാണ്‌ ഈ തുക.

എന്നാല്‍ ചില ബ്രാഞ്ച്‌ കമ്മിറ്റികളും മേല്‍ക്കമ്മറ്റികളും പിരിച്ചെടുത്തു നല്‍കുന്നത്‌ ഇതിന്റെ എത്രയോ ഇരട്ടിയാണെന്നതാണു വസ്‌തുത. മൂന്നര ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങളില്‍ നിന്നും ഒരു വര്‍ഷം ഇത്രയും തുക ലവിയിനത്തില്‍ പാര്‍ട്ടിക്കു ലഭിക്കുന്നുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. 3000 രൂപ മാസവരുമാനമുളള ഒരു പാര്‍ട്ടി അംഗം 294 രൂപയാണ്‌ ഒരു വര്‍ഷം പാര്‍ട്ടി ലെവിയായി നല്‍കേണ്ടത്‌.കര്‍ഷകതൊഴിലാളികളോ വിദ്യാര്‍ത്ഥികളോ ഒഴിച്ചാല്‍ പാര്‍ട്ടി അംഗങ്ങളില്‍ ഏറെയും ഇടത്തരക്കാരും നല്ല വരുമാനമുളള ജോലിയുളളവരുമാണ്‌. ഇതുകൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പിണറായി വിജയന്‍ നടത്തിയ നവകേരളയാത്രയിലും കോടികള്‍ പിരിഞ്ഞുകിട്ടി. ഓരോ ബ്രാഞ്ച്‌ കമ്മിറ്റികയും നോട്ടുമാലയിട്ടായിരുന്നു ജാഥാ ലീഡറെ സ്വീകരിച്ചിരുന്നത്‌.

ഈയിനത്തില്‍ എത്ര തുക ലഭിച്ചുവെന്നു വ്യക്‌തമല്ലെങ്കിലും 15 കോടിക്കു മുകളില്‍ പിരിഞ്ഞുകിട്ടിയെന്നാണു കണക്കാക്കുന്നത്‌.

നവകേരളയാത്രയ്‌ക്കു ശേഷം മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാറുടെ സ്‌മരണയ്‌ക്കായി കണ്ണൂരില്‍ തുടങ്ങുന്ന അക്കാദമിക്കു വേണ്ടി ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നുളള അവസാന വട്ട പിരിവിലാണ്‌ പാര്‍ട്ടിയിപ്പോള്‍. നായനാര്‍ അക്കാദമിയുടെ പേരില്‍ 25 കോടിയാണു പാര്‍ട്ടി ലക്ഷ്യമിട്ടതെങ്കിലും അതിലുമിരട്ടി തുകയുടെ വാഗ്‌ദാനം ലഭിച്ചുവെന്നാണ്‌ അറിയുന്നത്‌.

ഇതുകൂടാതെ പ്രാദേശികമായും ജില്ലാ-ഏരിയാ അടിസ്‌ഥാനത്തിലും പണപ്പിരിവ്‌ തുടര്‍ക്കഥയാണ്‌.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ്‌ ലക്ഷങ്ങള്‍ മുടക്കി പാര്‍ട്ടിയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ്‌ നവീകരിച്ചത്‌. കോഴിക്കോട്‌ ജില്ലാ കമ്മിറ്റി ഓഫീസും നവീകരണ പാതയിലാണ്‌. ഇതിനായി പിരിവെടുക്കുന്നതും ലക്ഷങ്ങളാണ്‌.

Reported by Mangalam Daily