Sunday, July 11, 2010

''മതനിഷേധിയല്ല; ഞാന്‍ മനുഷ്യസ്‌നേഹി''

ഇരുപത്തഞ്ചു വര്‍ഷമായി മഹാത്മാഗാന്ധി സര്‍വകലാശാലയ്‌ക്കു കീഴിലുള്ള മൂന്നു കോളജുകളില്‍ പഠിപ്പിച്ചതാണു പ്രൊഫ. ടി.ജെ. ജോസഫ്‌. കര്‍മ്മരംഗത്ത്‌ മതവിശ്വാസത്തിനോ മതവിശ്വാസികള്‍ക്കോ എതിരായി ബഹുമാനമില്ലാതെയോ ആക്ഷേപിച്ചോ സംസാരിച്ചിട്ടില്ലെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു.

ഒട്ടേറെ പരീക്ഷകള്‍ നടത്തുകയും അവയ്‌ക്കു ചോദ്യങ്ങള്‍ തയാറാക്കുകയും ചെയ്‌തിട്ടുള്ള അനുഭവ സമ്പന്നനായ ഈ അധ്യാപകന്‍ ആശുപത്രിക്കിടക്കയില്‍ അനുവദിച്ച അഭിമുഖത്തില്‍ ഒരു കാര്യമേ പറയുന്നുള്ളൂ, ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ. ഞാന്‍ മതത്തിനോ മതവിശ്വാസത്തിനോ എതിരല്ല.

തൊടുപുഴ ന്യൂമാന്‍ കോളജില്‍ 2010 മാര്‍ച്ച്‌ 23 നു നടന്ന ഇന്റേണല്‍ പരീക്ഷയില്‍ രണ്ടാം സെമസ്‌റ്റര്‍ ബി.കോം മലയാളത്തിന്റെ ചോദ്യപേപ്പര്‍ തയാറാക്കാനും ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താനുമുള്ള ഉത്തരവാദിത്തം ജോസഫിനായിരുന്നു. ഇതിന്റെ ഭാഗമായി എഴുത്തോല എന്ന ഗ്രന്ഥത്തില്‍നിന്നു ചോദ്യങ്ങള്‍ തയാറാക്കിയതു ജോസഫായിരുന്നു. എഴുത്തുഭാഷ കുറ്റമറ്റതാക്കാനുള്ള എഴുത്തോല എന്ന പുസ്‌തകത്തില്‍ ചിഹ്നം എന്ന പേരിലുള്ള മൂന്നാം അധ്യായത്തില്‍ പൂര്‍ണവിരാമം, അര്‍ദ്ധവിരാമം, അങ്കുശം, ഭിത്തിക, ശൃംഖല, ഉദ്ധരണി, വിക്ഷേപിണി, കാകു, വലയം എന്നീ ചിഹ്നങ്ങളുടെയെല്ലാം ഉപയോഗരീതികളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നു.

ഈ അധ്യായത്തെ അടിസ്‌ഥാനമാക്കിയാണു വിവാദ ചോദ്യം തയാറാക്കിയത്‌. ഈ ചോദ്യത്തിനുവേണ്ടി അവലംബിച്ചത്‌ കേരളഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ചതും പി.എം. ബിനുകുമാര്‍ സമ്പാദനവും പഠനവും നിര്‍വഹിച്ചതുമായ 'തിരക്കഥയുടെ രീതിശാസ്‌ത്രം' എന്ന പുസ്‌തകത്തില്‍ 'ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍' എന്ന പേരില്‍ തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദ്‌ എഴുതിയ ലേഖനത്തിലെ സംഭാഷണശകലമാണ്‌. ഇത്‌ എം.ജി. സര്‍വകലാശാല ബി.എ. ഡിഗ്രി മലയാളം പ്രോഗ്രാമിനു റഫറന്‍സ്‌ ഗ്രന്ഥമായി 2009-10 മുതല്‍ നിര്‍ദേശിച്ചിട്ടുള്ളതാണ്‌. മൂന്നു വര്‍ഷം മുമ്പുവരെ മലയാളം എം.എ. വിദ്യാര്‍ഥികള്‍ക്കു തീയേറ്ററും സിനിമയും എന്ന പേപ്പറിനും ഇതു റഫറന്‍സ്‌ ഗ്രന്ഥമായിരുന്നു. ഈ ലേഖനത്തില്‍നിന്നു പ്രസ്‌തുത സംഭാഷണഭാഗം അടര്‍ത്തിയെടുത്തപ്പോള്‍ പി.ടി. കുഞ്ഞുമുഹമ്മദിനോടുള്ള ആദരസൂചകമായി കഥാപാത്രത്തിനു മുഹമ്മദ്‌ എന്ന പേരു നല്‍കി.

സര്‍വകലാശാലാതലത്തില്‍ മലയാള പഠനമെന്നാല്‍ മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും പഠനമാണ്‌. ദൈവവും മുഹമ്മദ്‌ എന്ന കഥാപാത്രവും തമ്മിലുള്ള ആലങ്കാരികമായ സംവാദം ചോദ്യത്തിന്റെ ഭാഗമായി ചേര്‍ത്തതില്‍ മറ്റൊരു സദുദ്ദേശ്യം കൂടിയുണ്ടായിരുന്നു. ദൈവവുമായി സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്ന കഥാപാത്രം- മുഹമ്മദ്‌- നിസാരരും നിസഹായരുമായ മനുഷ്യരുടെ പ്രതീകമാണ്‌.

ആകുലതകളാലും തീരാത്ത സംശയങ്ങളാലും വേട്ടയാടപ്പെടുന്ന അവര്‍ എപ്പോഴും ദൈവത്തില്‍ ശരണപ്പെട്ടു കൊണ്ടിരിക്കുന്നു. നാഴികയ്‌ക്കു നാല്‍പതുവട്ടം അവര്‍ ദൈവത്തെ വിളിക്കുന്നു. പ്രപഞ്ചത്തെ മുഴുവന്‍ പരിപാലിക്കുന്നതില്‍ വ്യഗ്രത പൂണ്ട ദൈവം വിളികേള്‍ക്കുന്നു. നിരന്തരം വിളിച്ചു ശല്യപ്പെടുത്തുന്നതിന്റെ നീരസം ദൈവത്തിനുണ്ടുതാനും. ഈ സംഭാഷണ ശകലം ഉദാത്തമായ ദൈവികതയ്‌ക്ക് ഉദാഹരണമാണ്‌. മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ കുട്ടികള്‍ക്കു തിരികെ നല്‍കി ചോദ്യോത്തരങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ചിഹ്ന വ്യവസ്‌ഥയേപ്പറ്റി മാത്രമല്ല അതിനുവേണ്ടി നല്‍കിയിട്ടുള്ള സംഭാഷണശകലത്തിന്റെ ആലങ്കാരികതയും അതുവഴി ഉദാത്ത ഹാസ്യത്തിന്റെ രീതിശാസ്‌ത്രവും ചര്‍ച്ചചെയത്‌ വിദ്യാര്‍ഥികളുടെ സാഹിത്യാവബോധവും സഹൃദയത്വവും വികസിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണു ചോദ്യം തയാറാക്കിയത്‌.

ആധുനികോത്തര സാഹിത്യരചനാ സമ്പ്രദായത്തില്‍ ഒരു പദത്തിന്‌ ഒരര്‍ത്ഥം മാത്രമല്ല ഉള്ളത്‌. ഇംഗ്ലീഷിലും മലയാളത്തിലും വ്യാകരണം പഠിപ്പിക്കാനുപയോഗിക്കുന്ന രാമന്‍ പാമ്പിനെ കൊന്നു എന്ന അര്‍ത്ഥത്തിലുള്ള പ്രയോഗം വ്യാഖ്യാനിച്ച്‌ രാമന്‍ ശ്രീരാമനാണന്നും പാമ്പ്‌ അനന്തനാണെന്നും ആരോപിച്ച്‌ പഠിപ്പിച്ച അധ്യാപകന്റെ തലയോ കൈയോ വെട്ടാന്‍ ആരും മുതിര്‍ന്നിട്ടില്ല.

വിവാദത്തേത്തുടര്‍ന്ന്‌ തന്നേക്കുറിച്ചു പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വന്നതിലുള്ള ദു:ഖം ജോസഫ്‌ മറച്ചുവച്ചില്ല. തൊടുപുഴ ന്യൂമാന്‍ കോളജിലേക്കു വകുപ്പുമേധാവിയായി സ്‌ഥാനക്കയറ്റത്തോടെ സ്‌ഥലം മാറ്റി നിയമിച്ച തന്നെ അച്ചടക്ക നടപടികളുടെ ഭാഗമായി സ്‌ഥലം മാറ്റിയതാണെന്ന പത്ര റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തെ വേദനിപ്പിച്ചു.

ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും അംഗമല്ലാത്ത തന്നെ ചില രാഷ്‌ട്രീയക്കാരാണു സംരക്ഷിക്കുന്നതെന്നു പത്രങ്ങളെഴുതി. കമ്യൂണിസ്‌റ്റ് സഹായാത്രികനും മതവിരുദ്ധനും മാനേജ്‌മെന്റ്‌ വിരുദ്ധനുമായ ക്രിസ്‌തീയ നാമധാരി മാത്രമാണു താനെന്നു വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമം ചിലര്‍ നടത്തിയതായും അദ്ദേഹം ആരോപിക്കുന്നു. നിര്‍മ്മലാ കോളജിനോടനുബന്ധിച്ച്‌ നിര്‍മ്മലമാതാ പള്ളി ഒരു സ്വതന്ത്ര ഇടവകയായി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ അവിടെ വേദപാഠം അധ്യാപകനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. തൊടുപുഴ ന്യൂമാന്‍ കോളജില്‍ മലയാള വിഭാഗം തലവനായി ചുമതലയേറ്റശേഷം കോളജിലെ വാല്യൂ എഡ്യൂക്കേഷന്‍ സെല്ലിന്റെ ഡയറക്‌ടറായിരുന്നു.

മൂല്യബോധന ക്ലാസുകള്‍ക്കായി വിഷയങ്ങള്‍ കണ്ടെത്തി ചെറുലേഖനങ്ങള്‍ തയാറാക്കി കോളജിലെ വൈദികരും കന്യാസ്‌ത്രീകളുമടങ്ങുന്ന അധ്യാപകര്‍ക്കു നല്‍കുന്ന ചുമതല നിര്‍വഹിച്ചിരുന്നു. കാര്യക്ഷമമായ പ്രവര്‍ത്തനത്തെ കോളജ്‌ വാര്‍ഷിക റിപ്പോര്‍ട്ടിലും മാഗസിനിലും പ്രിന്‍സിപ്പല്‍ അനുമോദിച്ചതാണ്‌.

രണ്ടാം വര്‍ഷവും ആ ചുമതല ഏല്‍പിച്ചു. അതനുസരിച്ചു തയാറാക്കിയ ലേഖനത്തില്‍ പ്രവാചകനായ മുഹമ്മദ്‌ നബിയെ മനുഷ്യവര്‍ഗത്തെ പ്രബുദ്ധമാക്കാന്‍ നിയോഗമെടുത്ത സ്‌നേഹപ്രവാചകനെന്നാണു താന്‍ വിശേഷിപ്പിച്ചതെന്നും ജോസഫ്‌ എടുത്തുപറഞ്ഞു. ഇത്രയും കാലത്തെ അധ്യാപനത്തിനിടയില്‍ നൂറുകണക്കിനു മുസ്ലീം വിദ്യാര്‍ഥികളെ പഠിപ്പിച്ചിട്ടുണ്ട്‌.

തന്റെ ജീവിതവീക്ഷണങ്ങളെക്കുറിച്ച്‌ അവരിലാരോടെങ്കിലും ഒരു വാക്കു ചോദിച്ചിരുന്നെങ്കില്‍ അന്നദാതാവായ വലതുകരം നഷ്‌ടപ്പെടില്ലായിരുന്നുവെന്നു ജോസഫ്‌ വിശ്വസിക്കുന്നു. ആരോടും പരിഭവമില്ല. ഒരപേക്ഷയേയുള്ളൂ. ശിഷ്‌ടകാലം ഈ ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കാന്‍ തന്നെയും കുടുംബത്തെയും അനുവദിക്കുക.
(Report published in Mangalam Daily - 11th July, 2010)

No comments:

Post a Comment