ജി. അയ്യനേത്ത്
മദമിളകിയ ആന നാടുവിറപ്പിക്കുന്നത് മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്. അതിലും വലിയ വാർത്തയായി മാറിയിരിക്കുകയാണ് മതങ്ങൾക്കെതിരേയുള്ള ഭരണപക്ഷ രാഷ്ട്രീയപാർട്ടികളുടെ മദംപൊട്ടിയുള്ള ആക്രമണം. നാലുവർഷത്തെ ഭരണച്ചൂടേറ്റു സഹികെട്ട ജനങ്ങൾക്കും മദപ്പാട് കണ്ടുതുടങ്ങി. ആനപ്പിണ്ടത്തിലെ നാരുപോലെ കുറേ പ്രശ്നങ്ങൾ മാത്രം സമ്മാനിച്ച ഈ ഗവൺമെന്റ് ഇങ്ങനെ പോയാൽ ജനങ്ങൾ വോട്ടുകൊണ്ട് കുത്തിവീഴ്ത്തുമെന്നു ഭരണപക്ഷ പാർട്ടിക്കാർക്ക് മനസിലായി. അപ്പോൾപ്പിന്നെ നിലനിൽപ്പിന് ആയിരത്തൊന്നടവും പുറത്തെടുക്കുകയേ വഴിയുള്ളൂ.
ഒരടവ് സ്വത്വമെന്ന ചെല്ലപ്പേരിട്ട് സത്യത്തിലാരും തിരിച്ചറിയാതെ ചില മതവിഭാഗങ്ങളുടെ മണിയറയിൽ പ്രവേശിക്കുക. മറ്റൊരടവ്, വേറേചില മതവിഭാഗങ്ങളെ മദമിളകിയ ആനയെപ്പോലെ ആക്രമിച്ച് അടിയറവു പറയിക്കുക. ഈ അടവുനയത്തിലെ അപകടം ജനങ്ങൾ തിരിച്ചറിയണം.
മതമല്ലിവിടെ പ്രശ്നം, മദമിളകിയ രാഷ്ട്രീയമാണ്. മതങ്ങളെ ഉപയോഗിച്ച് മുതലെടുപ്പു നടത്തുന്ന രാഷ്ട്രീയപാർട്ടികളാണ് ഇവിടെ പ്രശ്നം. രാഷ്ട്രീയപാർട്ടികൾക്ക് മതത്തിൽ ഇടപെടാം, മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ടുപിടിക്കാം, മതരഹിതമായി ജീവിക്കാൻ സ്റ്റഡിക്ലാസുകൾ നടത്താം! പക്ഷേ, രാഷ്ട്രീയപാർട്ടികളുടെ ജനദ്രോഹ നടപടികളെ മതങ്ങൾ വിമർശിച്ചുകൂടാ, അതിനെതിരേ സംഘടിച്ചുകൂടാ, ഭൗതികവാദത്തിലടിസ്ഥാനമാക്കിയ അവരുടെ പ്രത്യയശാസ്ത്രത്തിന്റെ പരീക്ഷണ പരാജയങ്ങളെപ്പറ്റി പറഞ്ഞുകൂടാ! ഇത് അധികാര അപ്രമാദിത്വത്തിന്റെ അതിരുകടന്ന അസഹിഷ്ണുതയാണ്.
മാർക്ക്സിസ്റ്റ്-കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിസ്ഥാനമാക്കിയ ഒരു പാർട്ടിക്ക് വെറുമൊരു രാഷ്ട്രീയ അസ്തിത്വം മാത്രമല്ല ഉള്ളതെന്ന് പകൽവെളിച്ചംപോലെ പരമാർഥമാണ്. അതും ഒരു മതമാണ്. മനുഷ്യന്റെ സ്വത്വത്തെയും സംസ്കാരത്തെയും ധാർമികതയെയും ബന്ധങ്ങളെയും എല്ലാമെല്ലാം സാരമായി സ്പർശിക്കുന്ന മതം. പ്രസ്തുത പ്രത്യയശാസ്ത്രപുരാണം പിന്തുടരുന്ന പാർട്ടിക്കും പാർട്ടിയുടെ മാത്രം കീഴിൽവരുന്ന രാഷ്ട്രത്തിനും അദ്ഭുതം സൃഷ്ടിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്ന മതം, സ്നേഹത്തിനും ത്യാഗത്തിനും വേണ്ടിയല്ല, പാർട്ടിക്കും പ്രത്യയശാസ്ത്രത്തിനുംവേണ്ടി കൊല്ലും കൊലയും നടത്തിയവർക്ക് രക്തസാക്ഷിമണ്ഡപം പണിയുന്ന മതം, പാർട്ടിക്കൊടിക്കീഴിൽ നടയിരുന്ന് ചുരുട്ടിയ മുഷ്ടി ആകാശത്തിടിച്ച് അക്രമത്തെ ആരാധനയാക്കിമാറ്റുന്ന മതം.
രാഷ്ട്രീയമെന്നുള്ളത് അവരുടെ മതത്തിന്റെ രഹസ്യ അജൻഡ നടപ്പാക്കാനുള്ള മാർഗമെന്നേയുള്ളൂ. അങ്ങനെയുള്ള ഒരു പാർട്ടിക്ക് അലറാൻ ഒരവകാശവുമില്ല. മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് അവർക്കു പറയാം. അത് അവരുടെ അവകാശം. എന്നാൽ, രാഷ്ട്രീയമെന്നു പറയുന്നത് ഒരു രാജ്യത്തിന്റെ പൗരനെന്ന നിലയിൽ ഒരു വ്യക്തി ആ രാജ്യത്തിന്റെ നന്മയിലും പുരോഗതിയിലും പങ്കുകാരനാകുന്ന പ്രക്രിയയാണ്. അതു വ്യക്തിപരവുമാകാം. സംഘാത്മകവുമാകാം, മതങ്ങൾ സംഘാത്മകമായ രീതിയിൽ അതിൽ പങ്കുകാരാകുന്നു.
നൂറ്റാണ്ടുകളുടെ പരിണാമചരിത്രം അവകാശപ്പെടാനുള്ള വ്യവസ്ഥാപിത മതങ്ങൾ അവയുടെ പരിമിതികളും മൂല്യശോഷണങ്ങളുമെല്ലാം നിലനിൽക്കെത്തന്നെ രാഷ്ട്രനിർമിതിയിൽ വലിയവലിയ സംഭാവനകൾ നൽകിയിട്ടുള്ളതും നൽകിക്കൊണ്ടിരിക്കുന്നതുമാണ്. അതേസമയം കമ്യൂണിസ്റ്റ് കൊളോണിയലിസ്റ്റുകൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലോ ആധുനിക ഇന്ത്യയുടെ നിർമിതിയിലോ കാര്യമായ സംഭാവനയൊന്നും ചെയ്തിട്ടില്ലെന്നു മാത്രമല്ല പലതിനും തടസമായിട്ടാണ് നിന്നിട്ടുള്ളത്. പ്രത്യയശാസ്ത്രഭക്തരേ, നിങ്ങൾക്ക് ആദ്യമുണ്ടാകേണ്ടത് പാർട്ടിസ്നേഹമല്ല, രാജ്യസ്നേഹമാണ്, പ്രത്യയശാസ്ത്ര വർഗീയതയല്ല, മതസഹിഷ്ണുതയാണ്.
കൊളോണിയലിസ്റ്റുകൾ എന്ന വിശേഷണം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പാർട്ടികൾക്ക് നൂറുശതമാനവും യോജിച്ചതാണ്. അതിന്റെ അനുയായികൾ വിദേശീയരല്ലെങ്കിലും അതിന്റെ പ്രത്യയശാസ്ത്രത്തിന് സായ്പിന്റെ പഴയ സാമ്രാജ്യത്വ അധിനിവേശസ്വഭാവം എല്ലാ അർഥത്തിലുമുണ്ട്. തങ്ങളുടെ പ്രത്യയശാസ്ത്രവും അതു വിഭാവന ചെയ്യുന്ന രാഷ്ട്രീയവും സാമൂഹ്യവ്യവസ്ഥിതിയും സംസ്കാരവും സാഹിത്യവുമൊഴിച്ച് മേറ്റ്ല്ലാം വിപ്ലവത്തിലൂടെ തുടച്ചുമാറ്റേണ്ടതാണെന്നുള്ള ധാർഷ്ട്യവും അപ്രമാദിത്യവും (സായ്പ്, തങ്ങളുടെ സംസ്കാരവും സാമൂഹ്യരാഷ്ട്രീയ വ്യവസ്ഥി തിയുമൊക്കെ അടിച്ചേൽപിച്ച് തദ്ദേശീയമായതിനെ നശിപ്പിക്കാൻ പരിശ്രമിച്ചത് ഓർക്കുക) രഹസ്യ അജൻഡകൾ വച്ചുകൊണ്ട് രാഷ്ട്രീയ അടവുകൾ മാറിമാറി പയറ്റി അധികാരം നിലനിർത്തുന്ന കള്ളച്ചൂതാട്ടം (സായ്പ്, സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകത്തക്കവണ്ണം നാട്ടുരാജാക്കന്മാരുമായി രഹസ്യധാരണകളുണ്ടാക്കി കളം മാറി മാറി ചവിട്ടിയ കള്ളക്കളികൾ ഓർക്കുക), പരമ്പരാഗത മതങ്ങൾ തമ്മിലും അതിലെ വിവിധ വിഭാഗങ്ങളും നേതാക്കന്മാരും തമ്മിലും വിവിധ വംശങ്ങൾ തമ്മിലും കലഹിക്കാൻ വഴിയുണ്ടാക്കി ഭിന്നിപ്പിച്ചു ഭരിക്കുക (സായ്പ്, മതവർഗീയത ആളിക്കത്തിച്ചും ഗോത്രവർഗ നേതാക്കന്മാരെ പ്രീണിപ്പിച്ചും പരസ്പരം പിണക്കിയും ഭിന്നിപ്പിച്ചു ഭരിച്ചത് ഓർക്കുക), ബുദ്ധിജീവികളെ വിലയ്ക്കെടുത്ത് (അർഥം കൊടുത്താകണമെന്നു നിർബന്ധമില്ല, അധികാരമോ പദവിയോ സ്ഥാനമാനങ്ങളോ അതുമല്ലെങ്കിൽ സാംസ്കാരികനായകപട്ടം, ബുദ്ധിജീവിപട്ടം...എന്നിങ്ങനെയുമാവാം) അറിവും അക്ഷരവും ആശയവുമെല്ലാം തങ്ങളുടെ വഴിക്ക് തിരിച്ചുവിടുക (സായ്പ്, അച്ചടിമാധ്യമമുപയോഗിച്ച് പാഠപുസ്തകങ്ങൾ വഴിയായും ചരിത്രരചനകൾ വഴിയായും തങ്ങളുടെ സാമ്രാജ്യത്വം ശക്തിപ്പെടുത്തിയത് ഓർക്കുക). ഇങ്ങനെ സമർഥിക്കാവുന്ന സാമ്യങ്ങളുടെ ഒരുനീണ്ട പട്ടികതന്നെ നമുക്കു മുമ്പിലുണ്ട്, വിദേശാധിനിവേശ ശക്തികളും കമ്യൂണിസ്റ്റ് കൊളോണിയലിസ്റ്റുകളും തമ്മിൽ. ഇവിടെ പ്രശ്നം എന്താണ്? പരമ്പരാഗത മതങ്ങളാണോ മദമിളകിയ പാർട്ടിരാഷ്ട്രീയമാണോ?
പാർട്ടികൾ മതങ്ങളാകുന്നതും മതങ്ങളെ പാർട്ടിരാഷ്ട്രീയത്തിന്റെ സ്ഥാപിത താത്പര്യങ്ങൾക്ക് ഉപയോഗിക്കുന്നതുമാണ് ഇവിടത്തെ പ്രശ്നം. തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ പുഴുങ്ങിയെടുത്ത സാദാചാരം പ്രചരിപ്പിക്കുകയും അതു പാലിക്കാൻ അണികളെ നിർബന്ധിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് പാർട്ടി തത്ത്വത്തിലും പ്രയോഗത്തിലും ഒരു രാഷ്ട്രീയപ്രസ്ഥാനമല്ല, മതമാണ്. പാർട്ടി മതമാകുമ്പോൾ സ്വാഭാവികമായി അതിന് പരമ്പരാഗത മതങ്ങളെ എതിർക്കേണ്ടത് അതിന്റെ നിലനിൽപ്പിന്റെ ആവശ്യമായി മാറുന്നു. ഈ സംഘർഷമാണ് കേരളത്തിലും ലോകത്തെവിടെയൊക്കെ മാർക്ക്സിസ്റ്റ്-കമ്യൂണിസ്റ്റ് മതം അവശേഷിക്കുന്നുണേ്ടാ അവിടെയൊക്കെയും നിലനിൽക്കുന്നത്. രാഷ്ട്രീയപ്രസ്ഥാനമെന്നത് ഒരു ബാഹ്യപരിവേഷം മാത്രമാണ്, അധികാരം പിടിച്ചെടുത്ത് തങ്ങളുടെ മതം അടിച്ചേൽപ്പിക്കാനുള്ള വെറും തന്ത്രം.
അങ്ങനെവരുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഭരണഘടനതന്നെ ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണ്. കാരണം, രാഷ്ട്രീയ അധികാരത്തെയും ഭരണയന്ത്രത്തെയും പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണത്തിനായി ദുരുപയോഗിക്കുന്നു. ഇങ്ങനെ കമ്യൂണിസ്റ്റ് പാർട്ടികൾ അനർഹമായ ആനുകൂല്യം അനുഭവിക്കുമ്പോൾ ഇവിടത്തെ പരമ്പരാഗത മതങ്ങൾ, അവർക്കു രാഷ്ട്രീയ അധികാരം ഇല്ലാത്തതുകൊണ്ട്, അവരുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി രാഷ്ട്രീയക്കാരുടെ മുമ്പിൽ ഭിക്ഷാംദേഹികളായി നിൽക്കേണ്ട അവസ്ഥയാണുള്ളത്. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾക്കുവേണ്ടി അവർ വാദിക്കുമ്പോൾ, അതു സാധിച്ചുകിട്ടാൻ കോടതിയെ സമീപിക്കുമ്പോൾ നിരീശ്വരവാദ പ്രത്യയശാസ്ത്രങ്ങൾക്കെതിരേ മതപ്രബോധനം നടത്തുമ്പോൾ, ഇടയലേഖനങ്ങൾ എഴുതുമ്പോൾ മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആക്രോശിച്ചു കലിതുള്ളുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ കാപട്യത്തിന്റെ പൊയ്മുഖവും രാഷ്ട്രീയഭീകരതയുടെ ധാർഷ്ട്യവുമാണ് അണിഞ്ഞിരിക്കുന്നത്.
സക്കറിയയെ സദാചാരം പഠിപ്പിക്കാനും അബ്ദുള്ളക്കുട്ടിയുടെ ധാർമികത ഒളിഞ്ഞിരുന്ന് നോക്കാനും മെത്രാന്മാരെ ബൈബിളും മാർപാപ്പയുടെ ചാക്രികലേഖനങ്ങളും പ്രബോധിപ്പിക്കാനും കലാലയഗുരുക്കന്മാരെ അനുസരണം അഭ്യസിപ്പിക്കാനും കോടതികളുടെ ‘ശുംഭത്വം’ മാറ്റി വമ്പത്തം വരുത്താനും കമ്യൂണിസ്റ്റ് മതത്തിന്റെ സാദാചാര കാവലാളന്മാർ പെടുന്ന പെടാപ്പാടൊന്നു വേറെതന്നെയാണ്. ഇതുവഴി ഇന്ത്യൻ ഭരണഘടനയ്ക്കു വിരുദ്ധമായ സമാന്തര ഭരണസംവിധാനം പാർട്ടിയെന്ന നിലയിലും ഇവിടുത്തെ പരമ്പരാഗത മതദർശനങ്ങൾക്കു വിരുദ്ധമായി ഒരു സമാന്തര സംസ്കാരം ഭൗതികവാദത്തിലധിഷ്ഠിതമായ മതമെന്ന നിലയിലും കൊളോണിയലിസ്റ്റുകളുടെ എല്ലാ തന്ത്രങ്ങളോടുംകൂടി നടപ്പാക്കാൻ മാർക്ക്സിസ്റ്റ്-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇവിടെ ശ്രമിക്കുകയാണ്.
അതിന് അവരെ അനുവദിച്ചാൽ നമ്മുടെ രാജ്യത്തോടും വരുംതലമുറയോടും ചെയ്യുന്ന വഞ്ചനയും ക്രൂരതയുമാണെന്ന് ചരിത്രത്തിന്റെ ചുവരെഴുത്തുകളിൽനിന്ന് നമുക്കു വായിച്ചെടുക്കാം. മാർക്ക്സിസ്റ്റ്-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നുകിൽ അവരുടെ മതസ്വഭാവം കൈവെടിഞ്ഞ് ഒരു രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയിൽ നമ്മുടെ പരമ്പരാഗത മതങ്ങളുടെ ദർശന, ധർമങ്ങളോട് കൈകോർത്ത് രാജ്യത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കണം. അല്ലെങ്കിൽ അവർ അവരുടെ രാഷ്ട്രീയപാർട്ടിയെന്ന അസ്തിത്വം കൈവെടിഞ്ഞ് ഭൗതികവാദത്തിലധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്ര മതമെന്ന നിലയിൽ അതു പ്രചരിപ്പിക്കാൻ ഇറങ്ങിത്തിരിക്കണം. അതിനുള്ള സ്വാതന്ത്ര്യം ഇന്ത്യയിൽ അവർക്കുണ്ട്. അതിനുപകരം രണ്ടുംകൂടി ഒന്നിച്ചനുഭവിച്ച് ഒരേസമയം ഭരണഘടന തകർക്കാനും രാഷ്ട്രീയാധികാരം ഉപയോഗിച്ച് സമാന്തര സംസ്കാരം ഉണ്ടാക്കാനും ശ്രമിച്ചാൽ കണ്ണുംപൂട്ടിയിരിക്കാൻ വിവരമുള്ള ഒരു രാജ്യസ്നേഹിക്കും കഴിയില്ല.
ലോകചരിത്രത്തിലേക്കൊന്നും പോകണ്ട, സ്വതന്ത്ര ഇന്ത്യയിലെ കേരളചരിത്രത്തിലേക്കൊന്നു കണ്ണോടിച്ചാൽ മാത്രം മതി, കമ്യൂണിസ്റ്റ് മതമൗലികവാദത്തിന്റെ ഭീകരത മനസിലാക്കാനാകും. വിവിധ മതങ്ങളും ഓരോ മതത്തിലും വിവിധ വിഭാഗങ്ങളും ജാതികളുമെല്ലാം നിലനിൽക്കുകയും ചെയ്യുന്ന കേരളത്തിൽ അവ തമ്മിൽ ലഹളകളോ അക്രമങ്ങളോ കൊലപാതകങ്ങളോ വളരെ വിരളമാണ്. എന്നാൽ, അതിനെ അപേക്ഷിച്ചുനോക്കുമ്പോൾ മാർക്ക്സിസ്റ്റ്-കമ്യൂണിസ്റ്റ് പാർട്ടികളുടെ അടിത്തറയുറപ്പിക്കാൻ നടത്തിയിട്ടുള്ള കൊലപാതകങ്ങളും അക്രമങ്ങളും എത്രയോമടങ്ങ് കൂടുതലാണ്? ഉണ്ടായിട്ടുള്ള ചില വർഗീയലഹളകൾപോലും രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി മതത്തെ കരുവാക്കി വിവിധ രാഷ്ട്രീയപാർട്ടികൾ നടത്തിയിട്ടുള്ളതാണ്. ഇതുതന്നെയാണ് ഗുജറാത്തിലും ഒറീസയിലും കാഷ്മീരിലുമെല്ലാം നടന്നിട്ടുള്ളതും നടക്കുന്നതും.
ഇതിൽനിന്നുതന്നെ നമുക്ക് മനസിലാക്കാം മതമല്ല പ്രശ്നം മദമിളകിയ രാഷ്ട്രീയമാണെന്ന്. കേരളത്തിലെ ജയിലിൽ കിടക്കുന്നവരിൽ നല്ലൊരുശതമാനവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമതത്തെ അന്ധമായി അനുഗമിച്ച് കൊലപാതകത്തിലും അക്രമത്തിലും ഗുണ്ടായിസത്തിലും എത്തിപ്പെട്ടവരാണെന്ന് അടുത്തയിടെ പുറത്തുവിട്ട കണക്കുകൾ പറയുന്നു. അവരെ രാഷ്ട്രീയത്തടവുകാരെന്നു വിളിച്ചാൽ, രാഷ്ട്രത്തിന്റെ പുരോഗതിക്കും നന്മയ്ക്കുംവേണ്ടി ത്യാഗം സഹിച്ച് ജയിലിൽ കിടക്കേണ്ടിവന്ന ഗാന്ധിജിയെപ്പോലുള്ള രാജ്യസ്നേഹികളോടും മനുഷ്യസ്നേഹികളോടും കാണിക്കുന്ന ഏറ്റവും വലിയ നിന്ദയായിരിക്കും.
തങ്ങളുടെ മതദർശനങ്ങൾക്ക് അൽപ്പമെങ്കിലും വില കൽപ്പിക്കുന്ന ഒരു ഹിന്ദുവും മുസൽമാനും ക്രൈസ്തവനും കൊലപാതകവും അക്രമവും രാജ്യദ്രോഹവും പ്രവർത്തിക്കുകയില്ല. മദമിളകിയ രാഷ്ട്രീയമാണ് ഇവിടെ മതഭ്രാന്തന്മാരെ സൃഷ്ടിച്ചത്. മതങ്ങളിൽതന്നെ വിഭാഗീയത വിതച്ച് സെക്ടുകളെയും ആൾദൈവങ്ങളെയും ആവശ്യംപോലെ വളർത്തി അധികാരം നിലനിർത്താൻ അടവുകൾ പ്രയോഗിച്ചത്. ഇതൊരു ആഗോള പ്രതിഭാസമാണ്.
ശീതസമരകാലത്ത് കമ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ തണലിലും അമേരിക്കൻ മുതലാളിത്തത്തിന്റെ തണലിലും അണ്വായുധങ്ങളും ജൈവായുധങ്ങളും രാസായുധങ്ങളും വർധിച്ചതുപോലെതന്നെ മതായുധങ്ങൾ മെനഞ്ഞെടുത്തും മുതലെടുപ്പു നടത്തി. മതായുധങ്ങളാക്കാൻ സദ്ദാംഹുസൈൻമാരെയും ബിൻലാദന്മാരെയും ചില ക്രൈസ്തവ സെക്ടുകളെയും അവർ പാലൂട്ടിവളർത്തി. ഇന്ത്യയിലും ഇതെല്ലാം കണ്ട് പാർട്ടികളും തീവ്രവാദ പ്രസ്ഥാനങ്ങളും ഉടലെടുത്തു. രാഷ്ട്രീയക്കാർ തീവ്രവാദ ആശയങ്ങളും ആയുധങ്ങളും കൊടുത്തുവളർത്തിയ ഈ വ്യാജന്മാർവഴി മതങ്ങളുടെ ഹൃദയങ്ങളാണ് മുറിപ്പെട്ടിട്ടുള്ളത്. മതമല്ലിവിടെ പ്രശ്നം, മദമിളകിയ രാഷ്ട്രീ യമാണെന്നു ജനങ്ങൾ തിരിച്ചറിയണം.
